ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബില്ലിന് പിന്തുണയുമായി പാർലമെന്റിന് മുന്നിലും മുസ്ലീം സംഘടനകൾ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പ്ലക്കാർഡും ഉയർത്തി പിടിച്ചാണ് വിവിധ മുസ്ലീം സംഘടനകളുടെ പ്രതിനിധികൾ ഒത്തുകൂടിയത്. ബില്ലിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഡൽഹിയിലും ഭോപ്പാലിലും വിവിധ മുസ്ലീം സംഘടനകൾ റാലികൾ നടത്തി. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും റാലിയുടെ ഭാഗമായിരുന്നു.
ജാമിയത്ത് ഹിമായത്ത് ഉൽ ഇസ്ലാം, അഖിലേന്ത്യാ സൂഫി സജ്ജദാനഷിൻ കൗൺസിൽ, പസ്മാന്ദ മുസ്ലീം മഹാജ് , മുസ്ലീം നാഷണൽ ഫോറം, മുസ്ലീം വനിതാ സംഘം എന്നിവരാണ് റാലിയിൽ പങ്കെടുത്തത്. മുസ്ലീങ്ങളുടെ പുരോഗതിക്ക് വഖഫ് ബോർഡ് ഇതുവരെ എന്ത് സംഭാവനയാണ് നൽകിയതെന്ന ചോദ്യമാണ് പ്രധാനമായും ഇവർ ചോദിക്കുന്നത്.
ബിൽ ഭേദഗതി ചെയ്തത് കൊണ്ട് പള്ളികളോ സ്വത്തുക്കളോ നഷ്ടമാകില്ലെന്ന് അജ്മീർ ദർഗയുടെ തലവനും ഓൾ ഇന്ത്യ സൂഫി സജ്ജദാനഷീൻ കൗൺസിൽ ചെയർമാനുമായ സയ്യിദ് നസ്രുദ്ദീൻ ചിഷ്തി പറഞ്ഞു. വഖ്ഫിന്റെ പ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരാൻ ഭേദഗതി സഹായിക്കുമെന്ന് നസറുദ്ദീൻ ചിഷ്തി ആത്മവിശ്വാസം പ്രകടിപ്പിച്ചു.