ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബിൽ അവതരണം പാർലമെന്റിൽ തുടങ്ങി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ലോക്സഭയിൽ ബിൽ അവതരിപ്പിക്കുന്നത്. പ്രതിക്ഷിച്ചത് പോലെ പ്രതിക്ഷം ബില്ലിനെതിരെ പ്രതിഷേധം തുടങ്ങി. പ്രതിപക്ഷം ബഹളം ആരംഭിച്ചതോടെ സ്പീക്കർ ഓം ബിർള ഇടപെട്ടു. പാർലമെന്റിലാണ് ഇരിക്കുന്നതെന്ന് ഓർമ വേണമെന്ന് അദ്ദേഹം പ്രതിപക്ഷ എംപിമാരോടായി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ നിർദ്ദേശം മാനിച്ചാണ് സംയുക്ത പാർലമെന്റെറി സമിതിക്ക് രൂപം നൽകിയതെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് രൂപീകരിച്ചതുപോലുള്ള ഒരു “റബ്ബർ സ്റ്റാമ്പ് കമ്മിറ്റി” ആയിരുന്നില്ല ഇത്. തികച്ചും ക്രീയത്മകമായിരുന്നു ജെപിസിയുടെ പ്രവർത്തനം. വിപുലമായ ചർച്ചകൾക്ക് ശേഷമാണ് മാറ്റങ്ങൾ വരുത്തിയതെന്നും അദ്ദേഹം സഭയെ അറിയിച്ചു.
വഖ്ഫ് ബില്ലിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. തുല്യനീതി ഉറപ്പു വരുത്തുകയാണ് ഭേദഗതിയുടെ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 284 പ്രതിനിധികളുടെ അഭിപ്രായങ്ങൾ ജെപിസിക്ക് മുന്നിലെത്തി. 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വഖ്ഫ് ബോർഡുകളുടെ നിർദ്ദേശങ്ങളും തേടി. തുടർന്നാണ് ബിൽ അന്തിമ രൂപമായത്. നിയമത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ടില്ല. വഖ്ഫ് ഭൂമിയെ കയ്യേറ്റത്തിൽ നിന്നും രക്ഷിച്ചത് മോദി സർക്കാരാണ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തുടനീളമുള്ള വഖ്ഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്‌മെന്റും കാര്യക്ഷമാകും. ഇക്കാര്യങ്ങളൊന്നും മനസ്സിലാക്കാതെയാണ് പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നത്. എതിർപ്പിന് യുക്തി വേണമെന്നും മന്ത്രി പറഞ്ഞു.
ബിൽ അവതരിപ്പിച്ചില്ലായിരുന്നെങ്കിൽ പാർലമെന്റ് കെട്ടിടം പോലും വഖ്ഫ് സ്വത്തെന്ന് അവകാശപ്പെടുമായിരുന്നു, റിജിജു ചൂണ്ടിക്കാട്ടി. ഇന്ന് നിയമനിർമ്മാണത്തെ എതിർക്കുന്നവർ പോലും വിശദാംശങ്ങൾ അറിയുമ്പോൾ ഇതിനെ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.