ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ ഇനി ഗോവയ്‌ക്കായി ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ. മുംബൈ വിടാൻ താത്പ്പര്യം പ്രകടിപ്പിച്ച താരം എൻഒസിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചെന്നാണ് സ്പോർട്സ് ടാക്ക് റിപ്പോർട്ട് ചെയ്യുന്നത്. വരുന്ന സീസൺ മുതൽ അർജുൻ ടെൻഡുൽക്കറിനൊപ്പം ജയ്സ്വാളും ഗോവയ്‌ക്ക് കളിച്ചേക്കും.ഐപിഎല്ലിൽ രാജസ്ഥാൻ താരമായ ജയ്സ്വാൾ ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിന് വേണ്ടിയാണ് താരം അരങ്ങേറ്റം നടത്തിയത്. അണ്ടർ 19 കാലഘട്ടം മുതൽ താരം മുംബൈക്കായാണ് കളിക്കുന്നത്. അവസാനമായി രഞ്ജി ട്രോഫിയിൽ മുംബൈ ജഴ്സിയിൽ ജമ്മുകശ്മീരിനെതിരെയാണ് യശസ്വി ജയ്സ്വാൾ കളിച്ചത്. മത്സരത്തിൽ 4,26 എന്നിങ്ങനയായിരുന്നു സ്കോറുകൾ. മുംബൈ ജമ്മുവിനോട് തോൽക്കുകയും ചെയ്തു.
പ്ലേറ്റ് ഗ്രൂപ്പിൽ തലപ്പത്ത് ഫിനിഷ് ചെയ്ത ഗോവയ്‌ക്ക് എലൈറ്റ് ഗ്രൂപ്പിലേക്ക് നാഗാലാൻഡിനൊപ്പം സ്ഥാന കയറ്റം ലഭിച്ചിരുന്നു. അവസാന സീസണിലെ പ്ലേറ്റ് ഗ്രൂപ്പിലെ അഞ്ചു മത്സരങ്ങളും ഗോവ ജയിച്ചു. ദർശൻ മിസാലാണ് നയിച്ചിരുന്നത്. അതേസമയം മുംബൈ വിടുന്ന മൂന്നാം താരമാണ് ജയ്സ്വാൾ. സിദ്ധേഷ് ലാഡും, അർജുൻ ടെൻഡുൽക്കറും ഗോവയിലേക്ക് ചേക്കേറിയിരുന്നു.