ഇന്റർ മയാമി താരമായ ലയണൽ മെസിയുടെ അംഗ രക്ഷകനായ യാസിൻ ച്യൂക്കോയ്‌ക്ക് മത്സരങ്ങളിൽ സുരക്ഷ ഒരുക്കുന്നതിന് വിലക്ക്. മൈതാനത്തിന്റെ ടച്ച് ലൈനിൽ ഇനി ബോഡിഗാർഡിന് പ്രവേശനമില്ല. പിച്ചിൽ അതിക്രമിച്ച് കടക്കുന്ന ആരാധകരിൽ നിന്ന് മെസിയെ സംരക്ഷിച്ചാണ് യാസിൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൈഡ് ലൈനിൽ അണുവിട പഴുത് നൽകാതെയുള്ള നിരീക്ഷണവും യാസിന് ആരാധകരെ നേടിക്കൊടുത്തു.
ച്യൂക്കോയ്‌ക്ക് ഇനി ലോക്കർ റൂമിലും മിക്സഡ് സോണിലും മാത്രമേ മെസിയെ അനുഗമിക്കാൻ അനുവാദമുള്ളു. ഇൻ്റർ മയാമിയാണ് മുൻ നേവി ഉദ്യാഗസ്ഥനായിരുന്ന ച്യൂക്കോയെ മെസിയുടെ ബോഡിഗാർഡാക്കിയത്. അവർ ഇനി എന്നെ മൈതാനത്തേക്ക് ഇറങ്ങാൻ അനുവദിക്കില്ല. അത് എം.എൽ.എസിന്റെ( മേജർ ലീഗ് സോക്കർ) തീരുമാനമാണെന്നും ച്യൂക്കോ അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ ഇത് ക്ലബിന്റെ തീരുമാനമാണെന്നും അദ്ദേഹം ക്ലബിന്റെ ജീവനക്കാരനാണെന്നുമാണ് മേജർ ലീഗ് സോക്കർ വിശദീകരണം. യൂറോപ്പിനെ അപേക്ഷിച്ച് അമേരിക്കയിൽ നിരവധി പേർ മൈതാനത്ത് അതിക്രമിച്ച് കയറുന്നുണ്ടെന്നാണ് ച്യൂക്കോ വ്യക്തമാക്കുന്നത്. മത്സരങ്ങളുടെ സുരക്ഷ കുറവാണെന്നും അദ്ദേഹം പറയുന്നു. അതേസമയം സുരക്ഷ തങ്ങൾ കർശനമാക്കുമെന്ന നിലപാടിലാണ് മേജർ ലീഗ് സോക്കർ.