കോഴിക്കോട്: ഭൂമി തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ വ്യവസായമന്ത്രിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. കാരശ്ശേരിയിലെ മുക്കം ക്രഷർ ആൻറ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാൻ എളമരം കരീം തയ്യാറായില്ല. തുടർന്നാണ് താമരശ്ശേരി കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് സിപിഎം നേതാവ്.
2009 കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രഷർ നടത്താനെന്ന പേരിൽ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് സ്ഥലം ലീസിന് എടുക്കുകയും പിന്നീട് സ്ഥലം സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്ത് നികുതി അടച്ച് സ്ഥലം നൗഷാദ് കൈക്കലാക്കിയെന്നുമാണ് പരാതി. എളമരം കരീമാണ് ഇതിന് ഇടനിലക്കാരനായി പ്രവർത്തിച്ചത്. സ്ഥലം നൗഷാദ് കൈക്കലാക്കിയെന്നും ക്വാറി തുടങ്ങുകയോ പണം നൽകുകയോ ചെയ്തില്ലെന്നും പരാതിക്കാർ പറയുന്നു.
2013-ൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് ഭൂമിനഷ്ടപ്പെട്ടവർ പരാതി നൽകുകയും 2015-ൽ ക്രൈംബ്രാഞ്ച് പരാതിയിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കേസ് എഴുതി തള്ളാൻ ക്രൈംബ്രാഞ്ച് തീരുമാനം എടുത്തതോടെ ഉന്നതബന്ധം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് കാണിച്ച് ഭൂമി നഷ്ടപ്പെട്ടവർ കോടതിയെ സമീക്കുകയായിരുന്നു. അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും എളമരം കരീം ഹാജരായില്ല. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.















