തിരുവനന്തപുരം: ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ മോചനം സർക്കാർ മരവിപ്പിച്ചു. മോചനത്തിൽ ബാഹ്യസമ്മർദ്ദമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് തീരുമാനം മരവിപ്പിച്ചത്.
മന്ത്രിസഭാതീരുമാനമെടുത്ത് രണ്ട് മാസം പിന്നിട്ടിട്ടും റിപ്പോർട്ട് ഗവർണർക്ക് കൈമാറിയില്ല. മോചനം തടയണമെന്ന് ഗവർണർക്ക് പരാതിയും ലഭിച്ചിരുന്നു.മന്ത്രിയടക്കം മോചനത്തിനായി ഇടപെട്ടെന്നും ആക്ഷേപം ഉണ്ടായിരുന്നു
മന്ത്രിസഭാ തീരുമാനത്തിന് ശേഷവും ജയിലിൽ സഹതടവുകാരുടെ കയ്യേറ്റം ചെയ്ത കേസിൽ ഷെറിൻ പ്രതിയായിരുന്നു.മയക്കുമരുന്ന് കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന നൈജീരിയൻ സ്വദേശിനി കെനി സിംപോയു ജൂലിയെ മർദിച്ചെന്ന പരാതിയിൽ ഷെറിൻ, ഷബ്‌ന എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തിരുന്നു. പ്രഭാതഭക്ഷണം കഴിച്ച് വെള്ളമെടുക്കാൻ പോകുന്നതിനിടെ ഷെറിനും രണ്ടാംപ്രതിയായ ഷബ്‌നയും ചേർന്ന് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് ജൂലി നൽകിയ പരാതിയിൽ പറയുന്നത്. ഷെറിൻ ആക്രമിച്ചെന്ന് പരാതി നൽകിയ വിദേശ തടവുകാരിയെ പിന്നീട് ജയിൽ മാറ്റി. തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത്.















