കൊച്ചി: കടയ്‌ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനമേളയിൽ ക്ഷേത്ര ഉപദേശക സമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അമ്പലപ്പറമ്പിൽ അനുവദിക്കാനാവാത്തതാണ് അന്ന് നടന്നത്. ഉത്സവം കൂടാനാണ് ക്ഷേത്രത്തിൽ ഭക്തർ എത്തിയത്. പൊലീസ് കേസെടുക്കേണ്ടതായിരുന്നു. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും പൊക്കിപ്പിടിച്ച് യുവാക്കൾ നൃത്തം വച്ചു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോയെന്നും കോടതി ചോദിച്ചു. ക്ഷേത്രം പ്രസിഡൻ്റാകാൻ 19 കേസ് ഉള്ള ആളുടെ അപേക്ഷ ബോർഡ് എങ്ങനെ പരിഗണിച്ചതെന്നും കോടതി ചോദിച്ചു. ഗാനമേളയ്‌ക്ക് എത്ര തുക ചെലവഴിച്ചുവെന്നും എങ്ങനെയാണ് പണം പിരിച്ചതെന്നും അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേജ് ലൈറ്റ് സംവിധാനങ്ങൾക്ക് എത്ര രൂപ ചെലവഴിച്ചുവെന്ന് അറിയിക്കാനും കോടതി ക്ഷേത്ര ഉപദേശക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടിയുടെ നോട്ടീസിന് ദേവസ്വം ബോർഡിൽ നിന്ന് അനുമതി ലഭിച്ചിരുന്നോയെന്നും കോടതി ചോദിച്ചു.
എന്നാൽ കാണികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് വ്യത്യസ്ത പാട്ടുകൾ അവതരിപ്പിച്ചതെന്നായിരുന്നു ക്ഷേത്രപദേശക സമിതി പ്രസിഡൻ്റിന്റെ വാദം. ഗാനമേള സ്പോൺസർഷിപ്പ് ആയിരുന്നു. ക്ഷേത്രപദേശക സമിതി അദ്ധ് ക്ഷൻ ഭാരവാഹിയായ വ്യാപാരി വ്യവസായി ഏരിയാ കമ്മിറ്റി ആണ് സ്പോൺസർ ചെയ്തതെന്നും എതിർഭാഗം കോടതിയിൽ പറഞ്ഞു. എന്നാൽ ക്ഷേത്രോത്സവത്തിൽ പിരിച്ച പണം മുഴുവൻ ക്ഷേത്രത്തിന്റെ അക്കൗണ്ടിൽ എത്തണമെന്നും സ്പോൺസർഷിപ്പ് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പരിപാടിയുടെ വീഡിയോ വീണ്ടും പരിശോധിക്കുമെന്നും കോടതി അറിയിച്ചു .















