പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ തള്ളി പെൺകുട്ടിയുടെ കുടുംബം. സുകാന്തിന്റെ മാതാപിതാക്കൾ വിവാഹാലോചനയുമായി വീട്ടിൽ വന്നിട്ടില്ലെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.
വിവാഹാലോചനയിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചത്. ഗർഭച്ഛിദ്രം നടത്തിയതായി പൊലീസിൽ നിന്ന് അറിയാൻ കഴിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നടന്നത്. മകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ നിലവിൽ തൃപ്തരാണെന്നും കുടുംബം വ്യക്തമാക്കി.
കഴിഞ്ഞ മാസമായിരുന്നു പത്തനംതിട്ട സ്വദേശിയായ യുവതി തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായ പെൺകുട്ടി സഹപ്രവർത്തകനായ സുകാന്തിൽ നിന്ന് ചൂഷണം നേരിട്ടതായി കുടുംബം പൊലീസിനെ അറിയിച്ചു. സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും മകൾ ലൈംഗികാതിക്രമത്തിന് ഇരയായെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.















