ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ല് രാജ്യസഭയിലും പാസായി. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കു ശേഷം നടന്ന നടന്ന വോട്ടെടുപ്പിനു പിന്നാലെയാണ് വഖ്ഫ് ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായത്. 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേര്‍ എതിര്‍ത്തു. പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. ബുധനാഴ്ചയാണ് ബില്ല് ലോക്‌സഭയില്‍ പാസാക്കിയിരുന്നത്. ചർച്ചക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെ 1മണിക്ക് ശേഷമാണ് വോട്ടെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്.
ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്നലെ രാവിലെ പ്രഖ്യാപിച്ച ബിജെഡി വൈകിട്ടോടെ മനസ്സാക്ഷി വോട്ടിന് അംഗങ്ങളോട് നിര്‍ദേശിക്കുകയായിരുന്നു.
എൻ.സി.പി നേതാവ് ശരത് പവാർ, ജെ.എം.എം നേതാക്കളായ ഷിബു സോറൻ, മഹുവ മാജ, ആംആദ്മി പാർട്ടി നേതാവ് ഹർഭജൻ സിങ് , തൃണമൂൽ കോൺഗ്രസിലെ സുബ്രതോ ബക്ഷി എന്നിവർ സഭയിൽ ഹാജരായിരുന്നില്ല. ബിജു ജനത ദൾ എം.പി സസ്മീത് പത്ര ഭേദഗതിയിൽ സർക്കാറിന് അനുകൂലമായി വോട്ടുചെയ്തു.
പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചതോടെ, രാഷ്‌ട്രപതി ഒപ്പുവെക്കുമ്പോൾ ബില്ല് നിയമമാകും.















