ലക്നൗ: വഖ്ഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് സംസാരിച്ച മുസ്ലീം വയോധികന് നേരെ ആക്രമണം. യുപി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഷ്ഫാഖ് സൈഫിയുടെ ഭാര്യാ സഹോദരൻ സാഹിദ് സൈഫിക്കാണ് മർദ്ദനമേറ്റത്. യുപി സംബാലിലെ പള്ളിക്ക് സമീപം വച്ചാണ് ഒരു സംഘം അക്രമിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നമസ്കാരത്തിനായി പള്ളിയിൽ എത്തിയതായിരുന്നു സാഹിദ് സൈഫി. ഇതിനിടെ പള്ളിയിൽ വഖ്ഫ് ബില്ലിനെ കുറിച്ച് ചർച്ച നടന്നു. ബില്ലിന്റെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഭേദഗതിയെ പിന്തുണച്ച് സംസാരിച്ചു. ഇതിൽ പ്രകോപിതരായ ഒരു സംഘം അദ്ദേഹത്തെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു.
നിങ്ങൾ ഒരു മുസ്ലീമല്ല, ഹിന്ദുവായി മാറിയെന്ന് പറഞ്ഞായിരുന്നു അക്രമണമെന്ന് സൈഫി പറഞ്ഞു. ബിൽ പാസായതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. മാഫിയകളും വഖ്ഫ് ബോർഡിന്റെ പണം തിന്നുന്നവരുമാണ് കഷ്ടപ്പെടാൻ പോകുന്നത്. ദരിദ്രർക്ക് അവരുടെ അവകാശങ്ങൾ ലഭിക്കും. അത് പലർക്കും ദഹിക്കുന്നില്ല, അതുകൊണ്ടാണ് ഞാൻ അക്രമിക്കപ്പെട്ടത്,” അദ്ദേഹം പറഞ്ഞു.
തലയ്‌ക്കും ചെവിക്കും പരിക്കേറ്റ സൈഫി ആശുപത്രിയിൽ ചികിത്സ തേടി. സംബാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.