ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗക്കേസെടുത്ത് പൊലീസ്. പീഡനം നടന്നതിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ സുകാന്തിനെതിരെ ചുമത്തിയിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായ യുവതി പേട്ട സ്റ്റേഷന് സമീപം ട്രെയിനിന് മുൻപിൽ ചാടി മരിച്ചത്. ആത്മഹത്യക്ക് പിന്നാലെ സഹപ്രവർത്തകനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. സാമ്പത്തിക ചൂഷണത്തിന് മകൾ ഇരയായതിന്റെ തെളിവുകൾ കുടുംബം പൊലീസിന് സമർപ്പിച്ചു. ലൈംഗിക അതിക്രമം നേരിട്ടതിന്റെ തെളിവുകളും കുടുംബം പിന്നീട് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി കഴിഞ്ഞ വർഷം ഗർഭച്ഛിദ്രം നടത്തിയതായി പൊലീസ് കണ്ടെത്തുകയും ചെയ്തു.
ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്ത ശേഷം മകളെ ഉപേക്ഷിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം പറഞ്ഞിരുന്നു. സംഭവത്തിൽ താൻ നിരപരാധിയാണെന്ന് കാണിച്ച് മുൻകൂർ ജാമ്യാപേക്ഷയുമായി സുകാന്ത് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. സുകാന്തിന്റെ ഹർജിയിലെ വാദങ്ങൾ തെറ്റാണെന്നാണ് കുടുംബം പ്രതികരിച്ചത്. ഒളിവിൽ കഴിയുന്ന സുകാന്തിനെ പിടികൂടാൻ പൊലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല.















