ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബില്ല് മുസ്ലീം സ്ത്രീകൾക്ക് ഗുണം ചെയ്യുമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. വഖ്ഫിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ഭേദഗതി ബില്ല് കൊണ്ടുവന്നിരിക്കുന്നത്. വഖ്ഫ് മതപരമായ സ്ഥാപനമല്ല, അതൊരു നിയമാനുസൃതമായ സ്ഥാപനമാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംപിയുടെ പ്രതികരണം.
“മുത്തവലി വഖ്ഫിന്റെ മാനേജർ മാത്രമാണ്. വഖ്ഫ് ഭൂമിക്ക് മേൽ അദ്ദേഹത്തിന് യതൊരുവിധ അവകാശവുമില്ല. വഖ്ഫ് ഭേദഗതി ബില്ല് ഒരു പള്ളിയെയും തൊടില്ല. ഈ ബില്ല് മുസ്ലീം സ്ത്രീകളെ ശാക്തീകരിക്കുകയും വിധവകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും ചെയ്യും”.
“എന്റെ നാടായ പട്നയിൽ ധാരാളം വഖ്ഫ് ഭൂമികളുണ്ട്. എന്നാൽ അവിടെയൊക്കെ പഞ്ചനക്ഷത്ര ഹോട്ടലുകളും കൂറ്റൻ ഷോറൂമകളുമാണ് ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ വഖ്ഫ് സ്വത്തുക്കൾ ഉള്ളത് ഇന്ത്യയിലാണ്. എന്നാൽ ഇവിടെ എത്ര ആശുപത്രികളും സർവകലാശാലകളും വഖ്ഫ് ബോർഡ് നിർമിച്ചിട്ടുണ്ടെന്ന്” അദ്ദേഹം ചോദിച്ചു.
സ്വത്ത് സമർപ്പിക്കുന്ന വ്യക്തികൾ ഉദ്ദേശിക്കുന്ന രീതിയിലാണോ വഖ്ഫ് ബോർഡ് പ്രവർത്തിക്കുന്നത്. അതോ മാനേജർ സ്വന്തം പോക്കറ്റിലേക്ക് മാറ്റുകയാണോ എന്നതാണ് ചോദ്യം. വഖ്ഫ് ബോർഡുകളെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റണം. എല്ലാ വിവരങ്ങളും ഓൺലൈനിൽ ലഭ്യമാക്കുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.