ജാഫ്‌ന: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിലെത്തി. ശ്രീലങ്കൻ സൈന്യം മോദിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ശ്രീലങ്കൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യാപാരം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും പ്രധാന കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ഡിസംബറിൽ ദിസനായകെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ 2022 ലെ സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയെ പുനർനിർമ്മിക്കാൻ സഹായിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതികളും പ്രധാനമന്ത്രി മുന്നോട്ട് വെക്കും.
ഇന്ത്യയുടെ നാഷണൽ തെർമൽ പവർ കോർപ്പറേഷനും ശ്രീലങ്കയുടെ സിലോൺ ഇലക്ട്രിസിറ്റി ബോർഡും തമ്മിലുള്ള സംയുക്ത സംരംഭമായ ട്രിങ്കോമാലിയിലെ 120 മെഗാവാട്ട് സോളാർ പവർ പ്ലാന്റ് പോലുള്ള പ്രധാന കരാറുകളിൽ ഇരു നേതാക്കളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്. ഇത് ദ്വീപ രാഷ്‌ട്രത്തിന്റെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റും.
വ്യാപാരം, പ്രതിരോധം, സമുദ്ര സുരക്ഷ എന്നിവയും അജണ്ടയിലുണ്ടാകും. ചർച്ചകൾക്ക് ശേഷം സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്ന്നാണ് സൂചന. ശ്രീലങ്കയിൽ നിരവധി വെർച്വൽ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മോദി ഇന്ത്യൻ സമാധാന സേനയുടെ സ്മാരകം സന്ദർശിച്ച് പുഷ്പചക്രം അർപ്പിക്കും. വൈകീട്ട് 7.30 ന് ശ്രീലങ്കൻ പ്രസിഡന്റ് നരേന്ദ്ര മോദിക്കായി പ്രത്യേക വിരുന്നും സംഘടിപ്പിക്കുന്നുണ്ട്.















