കൊച്ചി: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ സ്ഥാപനം ലംഘിച്ചെന്നാണ് കണ്ടെത്തൽ. കേസിൽ ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഗോകുലം എംഡി – ബൈജു ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു.
ഗോകുലം സ്ഥാപനങ്ങളിൽ വെള്ളിയാഴ്ചയായിരുന്നു ഇഡി വ്യാപക റെയ്ഡുകൾ നടത്തിയത്. തുടർന്ന് നിരവധി രേഖകൾ പിടിച്ചെടുത്തു. 2022ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടിയായിട്ടാണ് ചെന്നൈയിലെയും, കോഴിക്കേട്ടെയും ഗോകുലം ഓഫീസുകളിൽ റെയ്ഡ് നടന്നത്. വിദേശ നാണയ വിനിമയ ചട്ടം (ഫെമ) സ്ഥാപനം ലംഘിച്ചതായി കണ്ടെത്തി. ഫെമ ലംഘിച്ച് സ്വീകരിച്ച പണം സിനിമ നിർമ്മാണത്തിന് ചിലവഴിച്ചതായാണ് വിലയിരുത്തൽ.
ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ കഴിഞ്ഞ 3 മാസമായി ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം. വെള്ളിയാഴ്ച നടത്തിയ റെയ്ഡിൽ നിർണായക സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഇക്കാര്യം ഇഡി സ്ഥിരീകരിച്ചിട്ടില്ല.
ശ്രീ ഗോകുലം ചിറ്റ്സിൽ ഫെമ നിയമങ്ങൾ ലംഘിച്ച് നിക്ഷേപങ്ങൾ സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സിന്റെ കോർപ്പറേറ്റ് ഓഫീസിലും, വീട്ടിലും നടന്ന ഇഡി റെയ്ഡ് 14 മണിക്കൂർ നീണ്ടിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് റെയ്ഡ് അവസാനിച്ചത്. കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിൽ നടന്ന റെയ്ഡിലും നിരവധി രേഖകൾ കണ്ടെടുത്തു. ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വിവാദ സിനിമ എമ്പുരാനായി മുടക്കിയ പണത്തിന്റെ കാര്യത്തിലും അന്വേഷണം നടന്നേക്കും. അതേസമയം വെള്ളിയാഴ്ച നടന്ന റെയ്ഡിന് എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്ന വിവാദങ്ങളുമായി ബന്ധമില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചിരുന്നു.