140 വയസുണ്ടെന്ന അവകാശവാദവുമായി എത്തിയ മനുഷ്യനെ കുറിച്ച് അന്വേഷണം. അഫ്ഗാനിലെ കിഴക്കൻ ഖോസ്റ്റ് പ്രവിശ്യയിൽ താമസിക്കുന്ന അഖേൽ നസീർ എന്നയാളാണ് വയസ് 140 കടന്നെന്ന് അവകാശവുമായി എത്തിയിരിക്കുന്നത്. താലിബാൻ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
1880ൽ ജനിച്ചുവെന്നാണ് അഖേൽ നസീർ പറയുന്നത്. 1919-ലെ മൂന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധസമയത്ത് തനിക്ക് മുപ്പത് വയസായിരുന്നു. ബ്രിട്ടീഷുകാർ തോറ്റോടിയതിന് പിന്നാലെ അന്ന് അഫ്ഗാൻ രാജാവ് അമാനുല്ല ഖാനോടൊപ്പം കൊട്ടാരത്തിൽ യുദ്ധവിജയം ആഘോഷിച്ചിട്ടുണ്ട്, അദ്ദേഹം മാദ്ധ്യമത്തോട് പറഞ്ഞു.

നിരവധി തലമുറകൾ ഒന്നിച്ച് താമസിക്കുന്ന വലിയ കൂട്ടുകുടുംബത്തിലാണ് അഖേൽ നസീർ താമസിക്കുന്നത്. അഖേൽ നസീറിന്റെ പ്രായം പരിശോധിക്കാൻ സിവിൽ രജിസ്ട്രേഷൻ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രവിശ്യയുടെ താലിബാൻ വക്താവ് മുസ്തഗ്ഫർ ഗുർബാസ് പറഞ്ഞു. സ്ഥിരീകരണം ലഭിച്ചാൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അഫ്ഗാനിൽ നിന്നാകും. നിലവിൽ ഈ റെക്കോർഡ് 1875 ൽ ജനിച്ച് 1997 ൽ അന്തരിച്ച ജീൻ കാൽമെന്റിന്റെ പേരിലാണ്.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണെന്ന് ഒരാൾ അവകാശപ്പെടുന്നത് ഇതാദ്യമായല്ല. ജനുവരിയിൽ, ബ്രസീലിലെ റിയോ ഡി ജനീറോയിൽ നിന്നുള്ള ഒരു മുത്തശ്ശി ഇതേ അവകാശവാദവുമായി എത്തിയിരുന്നു. 1905 മാർച്ച് 10 ന് ജനിച്ചെന്ന് കാണിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിന് കത്തയച്ചെങ്കിലും ഇക്കാര്യം അധികൃതർ അംഗീകരിച്ചിട്ടില്ല.















