ന്യൂഡൽഹി: മാവോയിസ്‍റ്റുകൾക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാവോയിസ്റ്റുകളെ വധിക്കുന്നതിൽ ഭരണകൂടം സന്തുഷ്ടരല്ല. പക്ഷെ വികസനത്തിന്റെ പാതയിൽ ആയുധവുമായി തടസം നിൽക്കുന്നവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 521 ഭീകരരാണ് ഛത്തീസ്ഗഡിൽ മാത്രം കീഴടങ്ങിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം മോദി സർക്കാരിന്റെ നിലപാട് ആവർത്തിച്ചത്. കീഴടങ്ങുന്നവർക്ക് നിയമം അനുസരിച്ച് ഇളവ് ലഭിക്കും. മുഖ്യധാരയിൽ എത്താനുള്ള എല്ലാം സംരക്ഷണവും സഹായവും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകും. കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങുന്ന ഗ്രാമങ്ങളെ നക്സൽ രഹിതമായി പ്രഖ്യാപിക്കുകയും വികസനത്തിന് പ്രത്യേക ഫണ്ട് അനുവദിക്കുകയും ചെയ്യും.
അടുത്ത മാർച്ചോടെ രാജ്യത്ത് നിന്ന് ഈ ചുവപ്പ് ഭീകരത പൂർണമായും തുടച്ചു നീക്കുമെന്നും അമിത് ഷാ ആവർത്തിച്ചു. നേരത്തെ ഛത്തീസ്ഗഡിലെ സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.















