തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം, പണം തട്ടിയെടുക്കൽ എന്നീ വകുപ്പുകൾ കൂടിയാണ് ചുമത്തിയത്. ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണക്കുറ്റം എന്നീ വകുപ്പുകൾ നേരത്തെ ചുമത്തിയിരുന്നു.
കഴിഞ്ഞ മാസം 24നായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ഐബി ഉദ്യോഗസ്ഥ പേട്ട റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന് മുൻപിൽ ചാടി മരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ആദ്യഘട്ടത്തിൽ ഗൗരവമായ അന്വേഷണം നടത്തിയിരുന്നില്ല. തുടർന്ന് മകളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ സമർപ്പിച്ച മാതാപിതാക്കൾ പെൺകുട്ടി സാമ്പത്തിക ചൂഷണത്തിന് വിധേയയായെന്ന് പരാതിപ്പെട്ടിരുന്നു.
മകൾ ലൈംഗികമായി ആക്രമിക്കപ്പെട്ടതായും കുടുംബം പൊലീസിന് പരാതി നൽകി. ഇതുസംബന്ധിച്ച പല തെളിവുകൾ ഇവർ സമർപ്പിക്കുകയും ചെയ്തതോടെയാണ് കേസന്വേഷണം ശക്തമായത്. എന്നാൽ ഇതിനോടകം തന്നെ പ്രതി സുകാന്ത് സുരേഷ് കുടുംബത്തോടൊപ്പം ഒളിവിൽ പോയിരുന്നു. സഹപ്രവർത്തകനും ആൺസുഹൃത്തുമായിരുന്ന സുകാന്ത് പെൺകുട്ടിയെ ഗർഭച്ഛിദ്രം നടത്താൻ പ്രേരിപ്പിച്ചതിന്റെയും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.















