കോഴിക്കോട് : വഖ്ഫ് ബില്‍ സമുദായ വിഷയമല്ലെന്നും സാമൂഹിക നീതിയുടെ വിഷയമാണെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. വഖ്ഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കാന്‍ കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് ചിലര്‍ അപരാധമായി ചിത്രീകരിച്ചു എന്നും തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് പറഞ്ഞു. വേണ്ടിവന്നാൽ ക്രൈസ്തവ സമുദായം രാഷ്‌ട്രീയ പ്രസ്ഥാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മുതലക്കുളത്ത് ക്രൈസ്തവ അവകാശ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. സഭയ്‌ക്ക് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു
“വഖ്ഫ് ബില്‍ സമുദായ വിഷയമല്ല. സാമൂഹിക നീതിയുടെ വിഷയമാണ്”, ആര്‍ച്ച് ബിഷപ് പറഞ്ഞു. സമുദായം മുഖ്യമന്ത്രിയെ വിശ്വസിച്ച് ജെ ബി കോശി കമ്മിഷന് മുന്നില്‍ പരാതി നല്‍കി. മുഖ്യമന്ത്രി വെച്ച കമ്മീഷനായതിനാലാണ് പരാതി നല്‍കിയത്. ആ റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ല. അത് ക്രൈസ്തവ സമുദായത്തോടുള്ള അവഹേളനമാണ്. ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണണം. ഇല്ലെങ്കില്‍ രാഷ്‌ട്രീയപരമായ നിലപാട് സമുദായം സ്വീകരിക്കുമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നല്‍കി.
“ക്രൈസ്തവജനതയെ ആർക്കും തീറെഴുതിക്കൊടുത്തിട്ടില്ല. ഒരു രാഷ്‌ട്രീയപ്പാർട്ടിയും എക്കാലത്തേക്കും തങ്ങളുടെ വോട്ടുബാങ്കായി ക്രൈസ്തവരെ കാണുകയും വേണ്ടാ. ക്രൈസ്തവ ജനത ആരുടെയും ഫിക്സഡ് ഡിപ്പോസിറ്റല്ല. ഞങ്ങൾ ക്രൂരമായി അവഗണിക്കപ്പെടുകയാണ്. വേണ്ടിവന്നാൽ പ്രത്യക്ഷ രാഷ്‌ട്രീയ ഇടപെടലുകൾ നടത്തും. അത്രമേൽ ഗതികെട്ടതു കൊണ്ടാണ് ഇപ്പോൾ സമരത്തിനിറങ്ങിയത്. വർഗീയമായ സമ്മേളനമായി കാണരുത്, മലയോരത്തെ എല്ലാവർക്കും വേണ്ടിയാണ് തെരുവിലിറങ്ങിയത്”. മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനംവെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഖ്ഫ് ബോർഡ് പ്രതിയായോ വാദിയായോ വരുന്ന കേസുകൾ വഖ്ഫ് ബോർഡു തന്നെ പരിഹരിച്ചാൽ തീരുന്നതല്ല’’ -അദ്ദേഹം പറഞ്ഞു. എല്ലാ രൂപതകളിലും വന്യജീവി പ്രതിരോധസേന രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.















