മലപ്പുറത്തെ ഈഴവ വിഭാഗക്കാർ നേരിടുന്ന നീതിനിഷേധത്തെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി വെള്ളപ്പള്ളി നടേശൻ. ഒരു സമുദായത്തിന്റെ പിന്നാക്കാവസ്ഥയാണ് വിവരിച്ചതെന്നും പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ചതാണ് വിവാദത്തിന് കാരണമെന്നും തന്നെ വർഗീയവാദിയാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരയണീയർക്ക് മലപ്പുറത്ത് പിന്നാക്കാവസ്ഥയാണ്. മുസ്ലീം സമുദായത്തിലെയും ലീഗിലെയും സമ്പന്നരാണ് ജില്ലയിൽ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത്. ലീഗിന്റെ മതേതരത്വം വാക്കുകളിൽ മാത്രമാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.
ഹിന്ദുക്കളും മുസ്ലീങ്ങളും സമാസമമുള്ള പ്രദേശമാണ് നിലമ്പൂർ നിയോജക മണ്ഡലം. അവിടെയുള്ള ഒരു പ്രദേശത്താണ് ഞാൻ പോയത്. വിദ്യാഭ്യാസപരമായി വളരെ പിറകിൽ നൽക്കുന്ന പ്രദേശമാണ്. ജില്ലയിൽ ഈഴവ സമുദായത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനവുമില്ല. എന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവുമാണ് പറഞ്ഞത്.
മലപ്പുറം ജില്ലയിൽ ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനം പോലും ഈഴവ സമുദായത്തിനില്ല. മറ്റുള്ള സമുദായങ്ങൾക്ക് അങ്ങനെയാണോ? മുസ്ലീം സമുദായത്തിന് മലപ്പുറത്ത് എയ്ഡഡ് കോളേജ് മാത്രം 11 എണ്ണമുണ്ട്. ലീഗിന്റെ പ്രമുഖരായ പല നേതാക്കളുമാണ് അതിന്റെ ഉടമസ്ഥർ. ലീഗിൽ നിന്ന് വളരെ മോശം അനുഭവമാണ് ഈഴവ സമുദായത്തിന് ലഭിച്ചത്. ഭരണത്തിന്റെ പങ്കാളികളായി അവർ മാറുകയും ഭരണത്തിലിരിക്കുകയും ചെയ്തതിന് ശേഷം പിന്നാക്ക സമുദായക്കാരായ ഈഴവസമുദായത്തിന് ഒന്നും തന്നില്ലെന്ന് മാത്രമല്ല, ഈഴവ സമുദായത്തെ അവഹേളിക്കുകയും സാമൂഹ്യനീതി നൽകുകയും ചെയ്തില്ല. എത്രയോ കൊല്ലം ഈഴവ സമുദായത്തെ കൊണ്ടുനടന്നവരാണ് ലീഗുകാർ. പക്ഷെ അവസാനം ഞങ്ങളെ വഞ്ചിച്ചു.
ഞാനൊരു മുസ്ലീം വിരോധിയല്ല. ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കുന്ന പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. അതുതന്നെയാണ് പല ലീഗ് നേതാക്കളുടെയും ശ്രമമെന്നും വെള്ളാപ്പള്ളി നടേശൻ ഓർമിപ്പിച്ചു.