മധുര : മാർക്സിസ്റ്റ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി എം.എ ബേബി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ സോഷ്യൽ മീഡിയ പേജുകളിൽ കൂടിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. സിപിഎമ്മിലെ കണ്ണൂർ ലോബിക്ക് എന്നും അനഭിമതൻ ആയിരുന്ന എം.എ. ബേബി കൊല്ലം ജില്ലയിലെ പ്രാക്കുളം സ്വദേശിയാണ്.
ഇ എം എസിനു ശേഷം സിപി എം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം. എ ബേബി. എസ് എഫ് ഐ . ഡി വൈ എഫ് ഐ എന്നിവയിലൂടെ നേതാവായി ഉയർന്ന 71 കാരനായ എം എ ബേബിക്ക് ഏറെനാളത്തെ അവഗണനകൾക്കൊടുവിൽ ലഭിക്കുന്ന കച്ചിത്തുരുമ്പാണ് ഈ സ്ഥാനലബ്ധി.
2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എം എ ബേബി മത്സരിച്ചപ്പോൾ എതിരാളിയായി മത്സരിച്ച എൻ കെ പ്രേമ ചന്ദ്രനെ പിണറായി വിജയൻ പരനാറി എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ ജനരോഷത്തിൽ വോട്ടെണ്ണിയപ്പോൾ സ്വന്തം നിയോജക മണ്ഡലമായ കുണ്ടറയിൽ ഉൾപ്പെടെ എം എ ബേബി പിന്നിലായി . ഈ പരാജയത്തിനു പിന്നാലെയാണ് ബേബിയും പിണറായി വിജയന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഭിന്നത വർധിച്ചത്. പരാജയത്തിനു പിന്നാലെ എംഎൽഎ സ്ഥാനം രാജിവയ്‌ക്കാനുള്ള നീക്കം പോലും ബേബി നടത്തിയിരുന്നു. അതിനു ശേഷം പൊളിറ്റ് ബ്യൂറോ അംഗമായിട്ടും കഴിഞ്ഞ വർഷങ്ങളിൽ പാർട്ടിയിൽ വേണ്ടത്ര പരിഗണന ബേബിക്കു ലഭിച്ചിരുന്നില്ല.
കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യം മൂലം ഒഴിഞ്ഞപ്പോൾ വിജയരാഘവന് ആക്ടിങ് സെക്രട്ടറിയുടെ അധികച്ചുമതല നൽകിയപ്പോഴും ബേബി തഴയപ്പെട്ടു. ഏറെ ജൂനിയറായിരുന്ന എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് പരിഗണിച്ചപ്പോൾപ്പോലും ബേബിയെ വെട്ടി നിരത്താൻ പിണറായി വിജയൻ ശ്രദ്ധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും. പിണറായിയുടെ അടുപ്പക്കാരനായ ജോൺ ബ്രിട്ടാസിനെ കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവാക്കി ഉൾപ്പെടുത്തി. സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.















