തിരുവനന്തപുരം: ഈഴവ സമുദായത്തിന്റെ ഓ ബി സി റിസേർവേഷനെ മതാധിഷ്ടിത സംവരണമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ.
ഈഴവ സമുദായത്തിന്റെ OBC റിസര്‍വേഷനില്‍ ചില മതങ്ങള്‍ വെള്ളംചേര്‍ക്കാന്‍ ശ്രമിക്കുന്നതായി സംശയമുണ്ട് എന്നും പിൻവാതിലിൽ കൂടി അതിനെ ഒരു മതാധിഷ്ടിത റിസർവേഷൻ ആക്കാൻ ആരും ശ്രമിക്കാൻ പാടില്ലെന്നും അത്തരം നീക്കങ്ങളെ ബിജെപിയും എതിർക്കും എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി നടത്തിയ പരാമർശങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
“ഈഴവ സമുദായം നമ്മുടെ നാട്ടിലെ ഒരു വലിയ സമുദായമാണ്. അവർക്ക് വേണ്ടി നമ്മുടെ സംവിധാനത്തിൽ ഒബിസി റിസർവേഷൻ എന്നൊരു സംവിധാനമുണ്ട്. ആ ഓ ബി സി റിസർവേഷനിൽ ചില മതങ്ങൾ വെള്ളംചേര്‍ക്കാന്‍ ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്ന് അവരുടെ മനസ്സിൽ ഒരു സംശയം ഉണ്ട്. അവർ അതിനെപ്പറ്റി പറയും. ആ നീക്കത്തെ ഡിഫൻഡ് ചെയ്യാൻ അവർ എന്തു വേണമെങ്കിലും ചെയ്യും. അവർ ചെയ്യണം.
ഈ ഓ ബി സി റിസർവേഷൻ ഈഴവ സമുദായത്തിനും മറ്റ് ഓ ബി സി സമുദായങ്ങൾക്കും വേണ്ടിയിട്ട് ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. അത് ആരും ബാക്ക് ഡോറിൽ കൂടിയോ മറ്റോ ഒരു മതാധിഷ്ടിത റിസർവേഷൻ ആക്കാൻ ശ്രമിക്കാൻ പാടില്ല. അത്തരം നീക്കങ്ങളെ ഞങ്ങളും എതിർക്കുക തന്നെ ചെയ്യും”. രാജീവ് ചന്ദ്രശേഖർ അടിവരയിട്ടു പറഞ്ഞു.
കേരളത്തിൽ ഒബിസി ലിസ്റ്റിൽ പെടുത്തി ചില മതങ്ങൾക്ക് നൽകുന്ന 12% സംവരണം ഈഴവ വിഭാഗങ്ങൾ ഉൾപ്പടെയുള്ള അടിസ്ഥാന ഹിന്ദു ജനവിഭാഗങ്ങളുടെ അവകാശം കവർന്നെടുക്കലാണെന്ന ഏറെക്കാലമായുള്ള ആരോപണത്തിന്റെയും പരാതിയുടെയും കൂടി പശ്ചാത്തലത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന.