മാദ്ധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ അഫാന്റെ ഉമ്മ. അഫാൻ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഉമ്മ ആരോഗ്യനില വീണ്ടെടുത്ത പശ്ചാത്തലത്തിലാണ് മാദ്ധ്യമങ്ങൾക്ക് മുൻപിലെത്തിയത്. തന്റെ ഇളയമകന്റെ ജീവനെടുത്ത അഫാനെ ഇനി കാണാൻ താത്പര്യമില്ലെന്ന് ഉമ്മ വ്യക്തമാക്കി.
അഫാന്റെ ഉമ്മയുടെ പ്രതികരണം:
സംഭവദിവസം നടന്ന കാര്യങ്ങൾ മുഴുവനും ഓർമ്മയില്ല. രാവിലെ ഇളയ മകനെ സ്കൂളിൽ അയച്ചിരുന്നു. ചപ്പാത്തിയും മുട്ടക്കറിയും കൊടുത്തുവിട്ടു. അവനെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം സോഫയിൽ വന്നിരുന്നു. അപ്പോൾ ”ഉമ്മ ക്ഷമിക്കണം” എന്നുപറഞ്ഞ് അഫാൻ തന്റെ പിറകിലൂടെ വരികയും ഷോൾ കൊണ്ട് കഴുത്തുമുറുക്കുകയും ചെയ്തു. തനിക്ക് ബോധം മറയുന്ന പോലെ തോന്നി. ഫർസാനയെ വിളിച്ചുകൊണ്ട് വരാം, എന്നിട്ട് ആശുപത്രിയിൽ എത്തിക്കാമെന്ന് അഫാൻ ഇതിനിടെ പറയുന്നുണ്ടായിരുന്നു. പിന്നെ അവനെ കണ്ടില്ല. എന്റെ ബോധവും നഷ്ടപ്പെട്ടു. പിന്നീടെപ്പോഴോ ജനലിൽ കമ്പി തട്ടുന്ന ശബ്ദം കേട്ടാണ് എനിക്ക് ബോധം വന്നത്. പിന്നെ പൊലീസ് അകത്തുകയറി എന്നെ ആശുപത്രിയിലെത്തിച്ചു.
ഇത്രയും ക്രൂരത കാണിച്ച മകനെ ഇനി കാണാൻ താത്പര്യമില്ല. 25 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ലോൺ ആപ്പ് വഴി അഫാൻ പൈസ എടുത്തിട്ടുണ്ട്. സംഭവദിവസത്തിന്റെ തലേന്ന് രാത്രി കൂടി പണം ആവശ്യപ്പെട്ട് കടക്കാർ വിളിച്ചിരുന്നു. കടം തിരികെ ചോദിച്ചവർക്ക് കൊടുക്കാനായി 50,000 രൂപ തേടി എന്റെ കുഞ്ഞമ്മയുടെ വീട്ടിൽ അഫാനുമൊത്ത് പോയെങ്കിലും പണം ലഭിച്ചില്ല. അഫാൻ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. തന്റെ ഇളയമകനോട് അത്ര സ്നേഹമായിരുന്നു അഫാന്..