ഛണ്ഡീഗഢ് : ബിജെപി നേതാവും മുൻ മന്ത്രിയുമായ മനോരഞ്ജൻ കാലിയുടെ വീടിന് പുറത്ത് സ്ഫോടനം. പഞ്ചാബ് ജലന്ദറിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഗ്രനേഡ് പോലുള്ള സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ആക്രമണ സമയത്ത് മനോരഞ്ജൻ കാലി വീട്ടിലുണ്ടായിരുന്നു. പൊലീസ് എത്തി പരിശോധന നടത്തിയിട്ടുണ്ട്.
വീടിന് പരിസരത്തെ സിസിടിവി കാമറയിൽ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞു. പൊലീസ് ഇത് പരിശോധിച്ചുവരികയാണ്. ഓട്ടോറിക്ഷയിൽ എത്തിയ ആളാണ് ബിജെപി നേതാവിന്റെ വീടിന് പുറത്തേക്ക് ഗ്രനേഡ് എറിഞ്ഞത്. ഇത് കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതോ ഇടിമുഴങ്ങിയതോ എന്നാണ് ആദ്യം കരുതിയതെന്നും പിന്നീട് പുറത്തിറങ്ങിയപ്പോഴാണ് അപകടം മനസിലായതെന്നും മനോരഞ്ജൻ കാലി പറഞ്ഞു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഓട്ടോഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.















