തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ മുഖ്യ പ്രതി ഷെറിന് വീണ്ടും പരോൾ അനുവദിച്ച് സംസ്ഥാന സർക്കാർ. ശിക്ഷ ഇളവ് ചെയ്ത് ജയിൽ മോചനത്തിനുള്ള നീക്കം പാളിയതോടെയാണ് 15 ദിവസത്തെ പരോൾ നൽകിയിരിക്കുന്നത്. ഇതിന് പുറമേ യാത്രയ്‌ക്ക് വേണ്ടി മൂന്ന് ദിവസം കൂടി അനുദിച്ചിട്ടുണ്ട്. ഒരു മന്ത്രിയുടെ ഇടപെടലിലൂടെയാണ് പരോളും എന്നാണ് വിവരം.
ജനുവരി 25 നാണ് ഷെറിന് ശിക്ഷ ഇളവ് ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 14 വർഷം ശിക്ഷ അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജയിൽ സമിതിയുടെ ശുപാർശയ്‌ക്ക് ഒറ്റമാസം കൊണ്ടാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. അസാധാരണമായ വേഗം വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചു. പത്തനാപുരം സ്വദേശിയായ ഷെറിന് ചില മന്ത്രിമാരുടെ പ്രത്യേക പരിഗണന ലഭിച്ചിരുന്നുവെന്ന വിവരവും പുറത്ത് വന്നിരുന്നു. വിമർശനം കനത്തതോടെ അന്തിമ തീരുമാനത്തിനായി ഫയൽ ഗവർണർക്ക് അയക്കാനുള്ള നടപടി മന്ദഗതിയിലായി. ഇതോടെയാണ് പരോൾ നൽകാനുള്ള നടപടി വേഗത്തിലാക്കിയത്.
2010 ലാണ് ഷെറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരോൾ ലഭിച്ച വനിതാ തടവുകാരിയാണ് ഷെറിൻ. ശിക്ഷാ കാലേയളിവിനിടെ 500 ഓളം ദിവസം പ്രതി വെളിയിലായിരുന്നു. ഉന്നത ഇടപെടലാണ് പരോളിന് പിന്നിലെന്ന ആരോപണവും ശക്തമായിരുന്നു. കോവിഡിന്റെ പേരിലും ഷെറിൻ മാസങ്ങളോളം പുറത്ത് തന്നെയായിരുന്നു. ജയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഷെറിനെതിരെ പരാതി ഉയർന്നിരുന്നു. ജയിലിനകത്തും ആഢംബര ജീവിതമാണ് ഷെറിൻ നയിച്ചത്. ജയിലിലെ വിഐപി സന്ദർശനവും വലിയ ചർച്ചയായിരുന്നു.















