മലപ്പുറം: വീട്ടിലെ പ്രസവത്തെ തുടർന്ന് രക്തം വാർന്ന് മരിച്ച് അസ്മയുടെ മരണത്തിൽ അടിമുടി ദുരൂഹത. പ്രായമായ സ്ത്രീ ശ്വാസംമുട്ടി മരിച്ചുവെന്ന് പറഞ്ഞാണ് ആംബുലൻസ് വിളിച്ചതെന്ന് ഡ്രൈവർ അനിൽ പറഞ്ഞു.
പുലർച്ചെ മൂന്നുമണിയോടെയാണ് അവിടെ ചെന്നത്. തുണിയിലും പായയിലും പൊതിഞ്ഞ് കട്ടിലിൽ കിടക്കുന്ന നിലയിലാണ് ബോഡി. എപ്പോഴും ചെയ്യുന്നത് പോലെ ബോഡി സ്ട്രക്ച്ചറിൽ കയറ്റി എറണാകുളം കൊണ്ടുപോയി. സിറാജുദ്ദിന്റെ വീട്ടിൽ മൂന്നാല് സ്ത്രീകളും നാലോളം പുരുഷൻമാരും രണ്ട് പിള്ളേരും ഉണ്ടായിരുന്നു. അവര് കാറിലാണ് എറണാകുളത്ത് വന്നത്. ആ സമയത്ത് കാര്യമായ സംശയം തോന്നിയില്ല. അവിടെ എത്തിയതിന് പിന്നാലെ കുറച്ച് നേരെ കാത്തിരുന്നിട്ടും ബോഡി ഇറക്കിയില്ല. പിന്നാലെ ഉന്തും തള്ളും തുടങ്ങി. അവിടെ നിന്ന ഒരാളാണ് പ്രസവത്തിൽ മരിച്ചതാണെന്ന് പറഞ്ഞത്. മുസ്ലീസിന്റെ ബോഡി പൊതിഞ്ഞാൽ പിന്നെ കാണാനോ തുറന്ന് നോക്കാനോ കഴിയില്ല, ആംബുലൻസ് ജീവനക്കാരൻ പറഞ്ഞു.
മരിച്ച യുവതിയുടെ ഭർത്താവ് സിറാജുദ്ദിനെ നാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മതപരമായ വിശ്വാസം മൂലമാണെന്ന് ആശുപത്രിയിൽ പ്രസവിക്കുന്നത് തടഞ്ഞതെന്ന് പ്രതി മൊഴി നൽകിയിരുന്നു.
ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീൻ പെരുമ്പാവൂർ സ്വദേശിയായ അസ്മയെ വിവാഹം ചെയ്തതിന് ശേഷം ജോലിയുടെ ഭാഗമായി മലപ്പുറത്തേക്ക് താമസം മാറ്റിയത്.
ഏപ്രിൽ 5ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു പ്രസവം. രാത്രി ഒമ്പത് മണിയോടെ മരണം സംഭവിച്ചുവെന്നാണ് വിവരം.