പാലക്കാട് : മുണ്ടൂർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫ് പ്രമുഖ സോഷ്യൽമീഡിയ താരത്തിന്റെ സഹോദരൻ. സോഷ്യൽമീഡിയയിൽ ‘ഡയമണ്ട് കപ്പിൾ’ എന്നറിയപ്പെടുന്ന ദമ്പതികളിൽ ആൻമേരിയുടെ സഹോദരനാണ് മരിച്ച അലൻ. മരണവാർത്തയ്‌ക്ക് പിന്നാലെ ആൻമേരിയുടെ ഭർത്താവ് അഖിൽ രാമചന്ദ്രൻ പ്രതികരിച്ചിരുന്നു.
ആൻമേരിയോടൊപ്പം സോഷ്യൽമീഡിയയിൽ സജീവമാണ് അലനും. ആൻമേരിയുടെയും അഖിലിന്റെയും വീഡിയോകളിൽ പലപ്പോഴും അലനും പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ഏവർക്കും സുപരിചിതയമായ മുഖമാണ് അലന്റേത്. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി ആളുകളാണ് ഇവർക്ക് പേഴസണലായും സോഷ്യൽമീഡിയയിലൂടെയാണ് സന്ദേശങ്ങൾ അയക്കുന്നത്. ഇതിനിടെയാണ് അഖിൽ രാമചന്ദ്രന്റെ പോസ്റ്റ് എത്തിയത്.
ആൻമേരിയുടെ അമ്മ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷികത്തിന് സർപ്രൈസ് കൊടുക്കാനാണ് അലൻ കൊല്ലത്തെ ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തിയത്. കടയിൽ നിന്ന് സാധനങ്ങളുമായി വീട്ടിലേക്ക് നടന്ന അലനെ കാത്തിരുന്നത് അതിദാരുണമായ മരണമായിരുന്നു. വീട്ടിലേക്ക് എത്തുന്നതിന് നൂറ് മീറ്റർ അകലെ വച്ചാണ് അലനെ കാട്ടാന ആക്രമിച്ചത്. ആറാം തീയതി വൈകിട്ടായിരുന്നു സംഭവം.















