തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്തിയാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ഭീഷണിയാണ്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യയസംഹിത പ്രകാരവും നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ജനപ്രതിനിധികളുടേയും സമുദായിക സാംസ്‌കാരിക സംഘടനകളുടേയും സഹകരണത്തോടെ വീട്ടിലെ പ്രസവത്തിന്റെ ദോഷവശങ്ങളെപ്പറ്റി ബോധവത്ക്കരണം ശക്തമാക്കും. സംസ്ഥാനത്ത് പ്രതിവര്‍ഷം 400 ഓളം പ്രസവങ്ങള്‍ വീട്ടില്‍ വച്ച് നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതില്‍ 382 പ്രസവങ്ങള്‍ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്. ഇതിന്റെ കാര്യ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറത്ത് 35 കാരിയുടെ മരണത്തോടെയാണ് ആരോഗ്യ വകുപ്പ് വീട്ടു പ്രസവത്തിനെതിരെ നടപടി തുടങ്ങിയത്. അടുത്തിടെ നെയ്യാറ്റിൻകരയിലും സമാന സാഹചര്യത്തിൽ യുവതി മരിച്ചിരുന്നു. മലപ്പുറം- കോഴിക്കോട് മേഖലയിൽ ഇത് വ്യാപകമാണെന്ന കാര്യം മുമ്പ് തന്നെ വകുപ്പിനും മന്ത്രിക്കും അറിയാമായിരുന്നു. ജനം ടിവിയും നിരവധി തവണ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. അടുത്തിടെ വീട്ടിൽ പ്രസവിച്ചവരെ അവാർഡ് നൽകി ആദരിച്ച സംഭവം ദൃശ്യങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ന്യൂനപക്ഷ പ്രീണനം മുഖമുദ്രയാക്കിയ സർക്കാർ ചെറുവിരൽ പോലും അനക്കാൻ ഇത്രയും കാലം തയ്യാറായിരുന്നില്ല. ഒടുവിൽ പൊതുജനം ഇതിനെതിരെ പരസ്യമായി രംഗത്ത് വരാൻ തുടങ്ങിയതോടെയാണ് നടപടി തുടങ്ങിയത്.