ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയെ വീഴ്‌ത്തി ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ വിജയം. 4 റൺസിനാണ് അവർ കൊൽക്കത്തയെ കീഴടക്കിയത്. 239 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങി കാെൽക്കത്തയും ലക്നൗവിന് അതേ നാണയത്തിൽ തന്നെയാണ് മറുപടി നൽകിയത്.
ഡികോക്ക് (15) തുടക്കത്തിലേ പുറത്തായെങ്കിലും നരെയ്നും(30), ക്യാപ്റ്റൻ അജിൻക്യ രഹാനെയും(35 പന്തിൽ 61 റൺസ് ) തകർത്തടിച്ചോതോടെ സ്കോർ കുതിച്ചു. 54 റൺസാണ് ഇരുവരും ചേർത്തത്. നരെയ്ൻ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ അയ്യറും ആക്രമണം അഴിച്ചുവിട്ടതോടെ ഇന്നിംഗ്സിന്റെ വേഗം താഴ്ന്നില്ല.
രഹാനയ്‌ക്കൊപ്പം 71 റൺസിന്റെ കൂട്ടുകെട്ടും പിറന്നു. എന്നാൽ രഹാന പുറത്തായത് മത്സരത്തിൽ വഴിത്തിരിവായി. പിന്നാലയെത്തിയ രമൺദീപ് സിംഗും(1) അൻഘ്രിഷ് രഘുവൻഷിയും(5) റസലും(7) വന്നപാടെ പോയി. 15 പന്തിൽ 38 റൺസെടുത്ത റിങ്കു സിംഗ് അവസാനം വരെ പൊരുതിയെങ്കിലും തോൽവി ഭാരം കുറയ്‌ക്കാനെ സാധിച്ചുള്ളു. ഹർഷിദ് റാണ പത്തു റൺസെടുത്തു. അകാശ് ദീപും ഷാർദൂൽ താക്കൂറും രണ്ടുവിക്കറ്റ് വീതമെടുത്തെങ്കിലും അമ്പതിലേറെ റൺസ് വഴങ്ങി.