മൊഹാലി: തകർന്ന പഞ്ചാബിനെ വീറോടെ കൈപിടിച്ചുയർത്തി യുവതാരം പ്രിയാൻഷ് ആര്യ. 39 പന്തിൽ വെടിക്കെട്ട് സെഞ്ച്വറി പൂർത്തിയാക്കിയാണ് താരം പഞ്ചാബിന്റെ രക്ഷകനായത്. ഐപിഎൽ ചരിത്രത്തിലെ അതിവേഗ സെഞ്ച്വറികളിലൊന്നാണിത്. ഖലീൽ അഹമ്മദിന്റെ ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയായിരുന്നു പ്രിയാൻഷിന്റെ തുടക്കം. 19 പന്തിൽ അർദ്ധശതകം പൂർത്തിയാക്കി. 83/5 എന്ന നിലയിൽ തകർന്ന പഞ്ചാബിനെയാണ് താരം കൂറ്റൻ അടികളിലൂടെ ഡ്രൈവിംഗ് സീറ്റിൽ എത്തിച്ചത്. നിലവിൽ 17 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലാണ് പഞ്ചാബ്.(ഈ വാർത്ത നൽകും വരെ)
അശ്വിനെയും പതിരാനെയും തലങ്ങും വിലങ്ങും തല്ലിയൊതുക്കി. 9 തവണയാണ് പന്ത് ഗാലറിയിലേക്ക് മൂളി പറന്നത്. 42 പന്തിൽ 103 റൺസുമായി പുറത്താകുമ്പോൾ പഞ്ചാബ് കരകയറി സുരക്ഷിത താവളം കണ്ടെത്തിയിരുന്നു. സീസണിലെ ആദ്യ സെഞ്ച്വറിയാണ് ഇന്ന് പിറന്നത്. ഇതിനിടെ ഗ്ലെൻ മാക്സ്വെൽ ഉൾപ്പടെ അഞ്ചു ബാറ്റർമാർ രണ്ടക്കം കാണാതെ മടങ്ങിയിരുന്നു. ശശാങ്ക് സിംഗിനൊപ്പം 71 റൺസിന്റെ കൂട്ടുകെട്ടാണ് യുവതാരം പടുത്തുയർത്തിയത്. നൂർ അഹമ്മദിന്റെ പന്തിൽ ശങ്കറിന് ക്യാച്ച് നൽകിയാണ് 22-കാരൻ കളംവിട്ടത്.















