മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകൂടീരം സ്ഥിതിചെയ്യുന്ന ഖുൽദാബാദ് ഇനി മുതൽ രത്നപൂർ എന്നറിയപ്പെടും. ഖുൽബാദിന്റെ പേര് പുനർനാമകരണം ചെയ്യുന്നുവെന്ന് മഹാരാഷ്‌ട്ര സാമൂഹിക നീതി മന്ത്രിയും ശിവസേന നേതാവുമായ സഞ്ജയ് ഷിർസാത്ത് അറിയിച്ചു. ശവകുടീരവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
ഖുൽദാബാദിന്റെ യഥാർത്ഥ പേര് രത്നപൂർ എന്നാണെന്നും ഔറംഗസേബിന്റെ ഭരണകാലത്താണ് പേര് മാറ്റിയതെന്നും ഷിർസാത് പറഞ്ഞു. “ധാരാശിവ് ഉൾപ്പെടെയുള്ള നിരവധി നഗരങ്ങളുടെ പേരുകൾ ഔറംഗസേബ് ഭരണകാലത്ത് മാറ്റിയിട്ടുണ്ട്. എന്നാൽ പ്രദേശങ്ങളുടെ യഥാർത്ഥ പേരുകൾ തിരിച്ചുകൊണ്ടുവരാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്”.
ചൊവ്വാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം തന്റെ നിർദേശം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ഔദ്യോഗികമായി സമർപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ് ഷിർസാത്തിന്റെ തീരുമാനത്തിന് ബിജെപിയും പിന്തുണ അറിയിച്ചു.
ജനങ്ങളുടെ വികാരവും തങ്ങളോടൊപ്പമാണെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷനും റവന്യൂ മന്ത്രിയുമായ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.