ഹൈദരാബാദ് : ഹൈദരാബാദിലെ ദിൽസുഖ് നഗർ ഇരട്ട സ്‌ഫോടന കേസിലെ പ്രതികളുടെ വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവെച്ചു. മുഹമ്മദ് അഹമ്മദ് സിദ്ദിബാപ്പ, സിയാ-ഉർ-റഹ്മാൻ , അസദുള്ള അക്തർ, തെഹ്‌സീൻ അക്തർ, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. കുറ്റപത്രത്തിൽ ആറ് പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയതെങ്കിലും, ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ റിയാസ് ഭട്കൽ പാകിസ്ഥാനിലേക്ക് ഒളിവിൽ പോയിരുന്നു. അങ്ങനെ, കസ്റ്റഡിയിലുള്ള അഞ്ച് പ്രതികൾക്കെതിരെ മാത്രമാണ് വിചാരണ നടത്തിയത്.
എൻഐഎ കോടതി പ്രതികളായ അഞ്ച് പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് എൻഐഎ കോടതിയുടെ വിധിയെ അഞ്ച് പ്രതികളും ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. എൻഐഎ കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. തുടർന്ന് ജസ്റ്റിസുമാരായ ലക്ഷ്മൺ, പി. ശ്രീസുധ എന്നിവരടങ്ങിയ ബെഞ്ച് ഏകദേശം 45 ദിവസത്തെ നീണ്ട വാദം കേൾക്കലിന് ശേഷമാണ് വിധി പറഞ്ഞത്
എൻഐഎ കോടതിയുടെ തീരുമാനം ഹൈകോടതി ശരിവയ്‌ക്കുകയും പ്രതിയുടെ അപ്പീൽ തള്ളുകയും ചെയ്തു.
2013 ഫെബ്രുവരി 21 ന് വൈകുന്നേരം 7 മണിയോടെ ഹൈദരാബാദിലെ ദിൽസുഖ്‌നഗർ മാർക്കറ്റിൽ തുടർച്ചയായി ഉണ്ടായ രണ്ട് ബോംബ് സ്‌ഫോടനങ്ങൾ ആണ് കേസിനാധാരം. ഇതിൽ ഒരു ഗർഭസ്ഥ ശിശു ഉൾപ്പെടെ 18 പേർ മരിക്കുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യ സ്‌ഫോടനം വൈകുന്നേരം 7 മണിയോടെ ദിൽസുഖ്‌നഗറിലെ 107 ബസ് സ്റ്റോപ്പിന് സമീപമായിരുന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ദിൽസുഖ്‌നഗറിലെ എ-1 മിർച്ചി സെന്റർ ഷോപ്പിന് സമീപമായിരുന്നു രണ്ടാമത്തെ സ്‌ഫോടനം.
എൻ ഐ എ നടത്തിയ അന്വേഷണത്തിൽ, ബോംബ് സ്‌ഫോടനങ്ങൾക്കും പ്രതികൾക്കും ഇടയിലുള്ള ബന്ധം സ്ഥാപിക്കപ്പെട്ടു. കൂടാതെ, കൂടുതൽ ആക്രമണങ്ങൾക്ക്ഉപയോഗിക്കുമെന്ന് സംശയിക്കുന്ന അമോണിയം നൈട്രേറ്റ്, ഡയോഡുകൾ, കണക്റ്റഡ് വയറുകൾ, ടൈമറുകൾ, ബാറ്ററികൾ തുടങ്ങിയവ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.















