ന്യൂഡൽഹി: സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനം ലക്ഷ്യമിട്ട് തുടർച്ചയായി രണ്ടാം തവണയും റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു. ഇതോടെ പലിശ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായി. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിൽ ഐക്യകണ്ഠമായാണ് തീരുമാനം.
റിപ്പോ നിരക്ക് കുറച്ചതോടെ ഭവന-വ്യക്തിഗത വായ്പാ പലിശ നിരക്ക് കുറയും. അതുവഴി എല്ലാം വായ്പകളുടേയും തിരിച്ചടവ് തവണ തുകയിലും കാര്യമായ മാറ്റം വരും. ഒപ്പം നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയിലും കുറവ് വരും. രാജ്യത്തിന്റെ വളർച്ച നിരക്ക് നടപ്പ് വർഷം 6.5 ശതമാനമായിരിക്കുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു.
ഈ വർഷം ഇത് രണ്ടാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്‌ക്കുന്നത്. നേരത്തെ, ഫെബ്രുവരിയിൽ 6.5 ൽ നിന്നും 6.25 ശതമാനമായി കുറച്ചിരുന്നു.
ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ഒരു ഘട്ടത്തിലാണ് സാമ്പത്തിക വർഷം ആരംഭിച്ചതെന്ന് ആർബിഐ ഗവർണർ പറഞ്ഞു. ആഗോള സംഭവവികാസങ്ങൾ വളർച്ചയിൽ ചെലുത്തുന്ന ആഘാതം കണക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ ആഭ്യന്തര വളർച്ചയെ കുറച്ച് ആശങ്കയില്ലെന്നും അദ്ദേഹം വ്യകതമാക്കി.
എന്താണ് റിപ്പോ?
പർച്ചേസ് അഗ്രിമെന്റ് എന്നതിന്റെ ചുരുക്കപേരാണ് റിപ്പോ നിരക്ക്. ആർബിഐ രാജ്യത്തെ ബാങ്കുകൾക്ക് കടമായി കടമായി കൊടുക്കുന്നതിന്റെ പലിശയാണിത്. റിപ്പോ നിരക്ക് വർദ്ധിച്ചാൽ ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന വായ‍്പകളുടെ നിരക്കും വർദ്ധിക്കും. റിപ്പോ കുറച്ചാൽ ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന വായ‍്പകളുടെ പലിശ നിരക്ക് കുറയുകയും ചെയ്യും















