മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പ്രതി ഷെരീഫുൾ ഇസ്ലാമിനെതിരെ കുറ്റപത്രം സമർപ്പിച്ച് മുംബൈ പൊലീസ്. മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി നടന്റെ വസതിയിൽ കയറിയതെന്നും മോഷണശ്രമം തടയുന്നതിനിടെയാണ് സെയ്ഫിനെ പ്രതി ആക്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. 1,000 പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം സമർപ്പിച്ചത്.
തെളിവുകൾ ഉൾപ്പെടെ സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്സാക്ഷികളായ വീട്ടുജോലിക്കാരുടെ മൊഴി കേസിൽ നിർണായകമായിരുന്നു. നടിയും സെയ്ഫിന്റെ ഭാര്യയുമായ കരീന കപൂർ, ഓട്ടോ ഡ്രൈവർ, വീട്ടുജോലിക്കാർ എന്നിവരുടെ മൊഴിയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആക്രമണത്തിന് ഉപയോഗിച്ച കത്തി, പ്രതിയുടെ തൊപ്പി, സെയ്ഫിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്ത കത്തിയുടെ ഒരു ഭാഗം, സിസിടിവി ദൃശ്യങ്ങൾ എന്നിവ കുറ്റപത്രത്തിലുണ്ട്. പ്രതിക്കെതിരെ പൊലീസ് ശേഖരിച്ച നിരവധി തെളിവുകളും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. ഫോറൻസിക് റിപ്പോർട്ടിന്റെ വിശദാംശങ്ങളും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.
ജനുവരി 16-നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ പ്രതി അതിക്രമിച്ച് കടന്നത്. തുടർന്ന് മോഷണശ്രമം തടയുന്നതിനിടെയാണ് പ്രതി സെയ്ഫിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ജോലിക്കാരിയുടെ നിലവിളി കേട്ടാണ് സെയ്ഫ് എത്തിയത്. ഈ സമയം പ്രതി ജോലിക്കാരിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കവെയാണ് സെയ്ഫിന് കുത്തേൽക്കുന്നത്.















