പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് തുടർച്ചയായ നാലാം തോൽവിയിലേക്ക് കൂപ്പുകുത്തിയപ്പോൾ ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ടീമിന്റെ പ്രകടനത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു. കൈവിട്ട ക്യാച്ചുകളും ഫീൽഡിങ്ങിലെ പിഴവുകളുമാണ് മത്സരം പഞ്ചാബിന് അനുകൂലമാക്കിയതെന്നാണ് സ്റ്റീഫൻ ഫ്ലെമിംഗ് പറയുന്നത്. പ്രിയാന്‍ഷ് ആര്യയുടെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ 220 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പടുത്തുയർത്തിയ പഞ്ചാബിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്‌ക്ക് നിശ്ചിത ഓവറിൽ 201 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
“ഫീൽഡിംഗിലാണ് കളി ശരിക്കും തോറ്റത്. ഗ്രൗണ്ടിൽ താരങ്ങൾ അലസന്മാരായിരുന്നു. ചിലസമയങ്ങളിൽ സമ്മർദത്തിൽപ്പെട്ട് കൃത്യത നഷ്ടപ്പെട്ടു. ഇതുവരെ നിരാശാജനകമായ ഒരു സീസണായിരുന്നു. ക്യാച്ചിംഗ് മോശമായിരുന്നു. വെളിച്ചക്കുറവിന്റെ പ്രശ്‌നമായിരുന്നോ എന്നറിയില്ല, പക്ഷെ തീർച്ചയായും ഞങ്ങൾക്ക് അത് ആശങ്കാ ജനകമായ ഒരു മേഖലയാണ്,” മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു
ഫീൽഡിങ്ങിനിടെ രണ്ട് തവണയാണ് 39 പന്തിൽ അതിവേഗ സെഞ്ച്വറി നേടിയ പ്രിയൻഷിന്റ ക്യാച്ച് ചെന്നൈ താരങ്ങൾ വിട്ടുകളഞ്ഞത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഖലീൽ അഹമ്മദും 12-ാം ഓവറിൽ ലോങ്ങ് ഓഫിൽ നിന്ന മുകേഷ് ചൗധരിയുമാണ് പ്രിയാൻഷിനെ പുറത്താക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയത്. ഫീൽഡിങ് പിഴവുകൾ അവിടെയും അവസാനിച്ചില്ല. നൂർ അഹമ്മദിന്റെ പതിനേഴാം ഓവറിൽ ഡീപ് മിഡ്‌വിക്കറ്റിൽ നിന്ന രചിൻ രവീന്ദ്രയും ക്യാച്ച് കളഞ്ഞുകുളിച്ചു. ഇത്തവണ വമ്പനടികളോടെ തുടങ്ങിയ ശശാങ്ക് സിംഗിനാണ് പുതുജീവൻ ലഭിച്ചത്.