തിരുവനന്തപുരം : മലപ്പുറത്ത് വീട്ടിൽ നടന്ന പ്രസവത്തിൽ യുവതി മരിക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി കെ ജി എം ഓ എ. വൈദ്യ ശാസ്ത്ര രംഗത്തെ ഏതെങ്കിലും ഒരു സംഘടന ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നത് ആദ്യമായാണ്.
ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത ചികിത്സാരീതികൾക്ക് ആളുകൾ വിധേയരാകാൻ തയ്യാറാകുന്നു എന്നത് വളരെ ഗൗരവത്തോടുകൂടി കാണേണ്ട വിഷയമാണ് എന്ന് കെ ജി എം ഓ എ മുന്നറിയിപ്പ് തരുന്നു. ഇത്തരം കുറ്റകരമായ നിലപാടുകൾക്കെതിരെ ശക്തമായ നിയമനിർമാണം ഉണ്ടാവണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
“ആഗോളതലത്തിൽ തന്നെ ആരോഗ്യ സംബന്ധിയായ സൂചികകളിൽ, വിശിഷ്യാ മാതൃ-ശിശു മരണ നിരക്കുകളിൽ, വികസിത രാജ്യങ്ങളോട് കിടപിടിയ്‌ക്കുന്ന തരത്തിൽ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം എന്ന് കെ ജി എം ഓ എ. അവകാശപ്പെടുന്നു.
പൊതുജനാരോഗ്യരംഗത്ത് വർഷങ്ങളായി നാം ആർജിച്ചെടുത്ത ഈ നേട്ടത്തിന്റെ ഗുണഫലങ്ങൾ ഇവിടുത്തെ ഓരോ പൗരന്റെയും അവകാശമാണ്. എന്നാൽ ചില തല്പരകക്ഷികളുടെ നിഷേധാത്മക നിലപാടുകൾ കേരളീയർക്ക് നിലവാരമുള്ള ചികിത്സ നിഷേധിക്കപ്പെടുന്നതിനും വിലപ്പെട്ട മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. പ്രതിവർഷം നടക്കുന്ന മൂന്നു ലക്ഷത്തോളം പ്രസവങ്ങളിൽ ഭൂരിഭാഗവും ആശുപത്രികളിൽ ആണെങ്കിലും ഇന്നും അഞ്ഞൂറോളം പ്രസവങ്ങൾ വീടുകളിൽ നടക്കുന്നു എന്ന കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. അറിഞ്ഞോ അറിയാതെയോ അശാസ്ത്രീയമായ ചികിത്സാരീതികളിലേക്ക് ആളുകൾ ആകർഷിക്കപ്പെടുന്നത് ഇതിന് ഒരു പ്രധാന കാരണമാണ്. ഗർഭാവസ്ഥയിലും ജനിച്ചുവീണു കഴിഞ്ഞും കൃത്യമായ വൈദ്യസഹായം ലഭിക്കുക എന്നതും ആരോഗ്യത്തോടെ സമൂഹത്തിൽ ജീവിക്കുക എന്നതും ഓരോ കുഞ്ഞിന്റെയും അവകാശമാണ്. ഈ അവകാശം നിഷേധിക്കുന്ന കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടി ഉറപ്പാക്കുന്ന തരത്തിൽ ശക്തമായ നിയമനിർമ്മാണം ഇക്കാര്യത്തിൽ ആവശ്യമാണ്. ഇതിനായി അടിയന്തര ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്”, സംസ്ഥാന പ്രസിഡന്റ് Dr. സുനിൽ P. K , ജനറൽ സെക്രട്ടറി Dr. ജോബിൻ G ജോസഫ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
തുടർച്ചയായ ബോധവൽക്കരണം കൊണ്ട് പൊതു സമൂഹത്തെ ശാക്തീകരിച്ചും, ആരോഗ്യ രംഗത്ത് നാം കൈവരിച്ച മികവാർന്ന നേട്ടങ്ങൾക്ക് തുരങ്കം വെയ്‌ക്കുന്ന പ്രതിലോമശക്തികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമനിർമ്മാണം നടപ്പാക്കിയും , പൊതുജനാരോഗ്യ രംഗത്ത് കൂടുതൽ ഉൾക്കാഴ്ചയോടെയുള്ള നിക്ഷേപങ്ങൾ ഉറപ്പാക്കിയും മുന്നോട്ട് പോകണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്ന സംഘടന ഇക്കാര്യത്തിൽ ക്രിയാത്മകമായ സഹകരണം ഉറപ്പു നൽകുകയും ചെയ്യുന്നു.















