വാഷിംഗ്‌ടൺ: സർക്കാഡിയൻ AI (Circadian AI)എന്ന പുതിയ ആപ്പിന്റെ കണ്ടത്തലിലൂടെ ടെക്നോളജി,മെഡിക്കൽ മേഖലകളിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് പതിനാലുകാരനായ ഇന്ത്യൻ വംശജൻ സിദ്ധാർത്ഥ് നന്ദ്യാല. അമേരിക്കയിലെ ഡാലസിൽ താസിക്കുന്ന ഈ കൊച്ചുമിടുക്കൻ വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പിലൂടെ 7 സെക്കൻഡ് ദൈർഘ്യമുള്ള ഹൃദയ ശബ്ദ റെക്കോർഡിംഗ് ഉപയോഗിച്ച് ഹൃദയത്തിന്റ ആരോഗ്യ നില കണ്ടെത്താൻ സാധിക്കും.
ഒറാക്കിൾ, എആർഎം എന്നിവയിൽ നിന്നുള്ള സർട്ടിഫിക്കേഷനുകൾ ഉള്ള സിദ്ധാർത്ഥ്, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഐ-സർട്ടിഫൈഡ് പ്രൊഫഷണലാണ്. ആയിരക്കണക്കിന് രോഗികളിൽ സിദ്ധാർത്ഥിന്റെ കണ്ടുപിടുത്തം പരീക്ഷിക്കപ്പെട്ടു. മാത്രമല്ല മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോ ബൈഡൻ എന്നിവരിൽ നിന്ന് അഭിനന്ദന കത്തുകളും ഈ കുഞ്ഞു പ്രതിഭയെ തേടിയെത്തി. കഴിഞ്ഞ മാസം നേരിൽ കണ്ടപ്പോൾ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും സിദ്ധാർഥിനെ പ്രശംസിച്ചു.
ഹൈദരാബാദിൽ ജനിച്ച സിദ്ധാർത്ഥിന്റെ കുട്ടിക്കാലത്ത് തന്നെ കുടുംബം അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. ആഗോളതലത്തിൽ സംഭവിക്കുന്ന മരണങ്ങളിൽ ഏകദേശം 31% ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമാണെന്ന് മനസിലാക്കിയതാണ് തന്നെ ഈ മേഖലയിലേക്ക് തള്ളിവിട്ടതെന്ന് സിദ്ധാർത്ഥ് പറഞ്ഞു. ആപ്പിന്റെ ഉയർന്ന കൃത്യത നിരക്ക് 96 ശതമാനമാണ്. യുഎസിൽ 15,000-ത്തിലധികം രോഗികളിലും ഇന്ത്യയിൽ 700-ലധികം രോഗികളിലും ഇത് വ്യാപകമായി പരീക്ഷിച്ചു. ആന്ധ്രാപ്രദേശിലെ GGH ഗുണ്ടൂരിലും GGH വിജയവാഡയിലും സമീപകാല പരീക്ഷണങ്ങൾ നടത്തി.















