ച്യൂയിംഗം കഴിക്കരുതെന്ന് പറഞ്ഞാൽ നിങ്ങൾ അനുസരിക്കുമോ? രാജ്യത്തെ നിയമം അതാണെങ്കിലോ? അത്തരത്തിൽ വിചിത്രമായ നിയമങ്ങൾ ഉണ്ടാകുമോയെന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. കേട്ടാൽ അമ്പരന്നുപോകുന്ന നിയമങ്ങൾ ലോകത്തെ പല രാജ്യങ്ങളിലുമുണ്ട്. അവ ഏതാണെന്ന് പരിശോധിക്കാം..
ച്യൂയിംഗത്തിന് വിലക്ക്..
ച്യൂയിംഗം (Chewing Gum) കഴിക്കുന്നതും വിൽക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ച രാജ്യമാണ് സിംഗപ്പൂർ. 1992 മുതൽ ഈ നിയന്ത്രണം നിലവിലുണ്ട്. പൊതുയിടങ്ങൾ വൃത്തിയായി ഇരിക്കണമെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ച്യൂയിംഗം നിരോധിച്ചതെന്നാണ് പറയപ്പെടുന്നത്. നിക്കോട്ടിൻ അഡിക്ഷൻ ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ ‘തെറാപ്യൂട്ടിക് ഗം’ കഴിക്കാം. ഇതൊഴികെയുള്ള മറ്റെല്ലാം രാജ്യത്ത് നിരോധിച്ചതാണ്. നിയന്ത്രണം ലംഘിക്കുന്നവർക്ക് മേൽ കനത്ത പിഴ ചുമത്തപ്പെടുകയും ചെയ്യും.
മരിക്കാൻ അവകാശമില്ലാത്ത നാട്..
ലോകത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള സെറ്റിൽമെന്റാണ് ലോംഗ്ഇയർബൈൻ (Longyearbyen). കൽക്കരി-ഖനന നഗരമാണിത്. സ്പിറ്റ്ബെർഗൻ ദ്വീപിലാണിത് സ്ഥിതിചെയ്യുന്നത്. നോർവേയുടെ ഭാഗമാണ് ഈ പ്രദേശം. ഇവിടെ ‘കിടന്നുമരിക്കാൻ’ ആർക്കും അവകാശമില്ലെന്നതാണ് പ്രത്യേകത. ആർട്ടിക് പ്രദേശമായ ലോംഗ്ഇയർബൈനിൽ സാങ്കേതികപരമായി മരണം നിരോധിച്ചിട്ടുണ്ട്. കാരണം ഇവിടുത്തെ മണ്ണിൽ വീഴുന്ന ജൈവ വസ്തുക്കളൊന്നും തന്നെ അഴുകില്ല. പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ താപനിലയാണ് മണ്ണിനടിയിലും എന്നതിനാൽ മൃതദേഹം കുഴിച്ചിട്ടാലും അവ ദ്രവിക്കുകയില്ല. അതിനാൽ ഈ മേഖലയിൽ 1950 മുതൽ ‘അടക്കം’ നിരോധിച്ചു. മരണാസന്ന നിലയിലുള്ള എല്ലാ പൗരന്മാരും ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് പോകണമെന്നതാണ് ഈ മേഖലയിലെ നിയമം.















