ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും.ഇയാളുമായി ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ രാവിലെയോടെ രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തഹാവൂര്‍ റാണയെ ഇന്ത്യന്‍ എൻ ഐ എ സംഘത്തിനു കൈമാറിയെന്നു യുഎസ് അറിയിച്ചു.
ഇന്ത്യയ്‌ക്കു കൈമാറുന്നതു സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു റാണ സമര്‍പ്പിച്ച ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണു ഇന്ത്യ നടപടികള്‍ വേഗത്തിലാക്കിയത്. പാകിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണ ലൊസാഞ്ചല്‍സിലെ ഡീറ്റൻഷൻ സെന്ററിലാണ് കഴിഞ്ഞിരുന്നത്. ഇന്ത്യയ്‌ക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ തഹാവൂര്‍ റാണ നല്‍കിയ അപേക്ഷ യുഎസ് സുപ്രീംകോടതി നിരസിച്ചിരുന്നു.
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ സഹായിയുമാണ് തഹാവുര്‍ റാണ. ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന മോദിയുടെ യുഎസ് സന്ദര്‍ശന വേളയിലാണ് റാണയെ കൈമാറാനുള്ള നിര്‍ണ്ണായക തീരുമാനം വന്നത്.