പത്തനംതിട്ട: ശബരിമല പൈങ്കുനി ഉത്രം മഹോത്സവത്തിനെത്തിയ അമ്പലപ്പുഴ സംഘത്തിന് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി. സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്ണപിള്ളയാണ് ദേവസ്വംബോർഡിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നൂറിലേറെ സ്വാമിമാരുള്ള സംഘത്തിന് വിശ്രമിക്കാനും വിരി വെക്കാനും സ്ഥിരം സ്ഥലം ഒരുക്കിയില്ലെന്നാണ് പരാതി ഉയരുന്നത്.
മാളികപ്പുറം ഉൾപ്പടെയുള്ള കുട്ടികളടങ്ങിയ സംഘത്തിന് താമസസൗകര്യമോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമോ ലഭിച്ചില്ല. സന്നിധാനത്തെത്തിയ ശേഷം വിശ്രമിക്കനായി കുട്ടികളുമായി ഏറെനേരം അലയേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. പഴയ അന്നദാന മണ്ഡപത്തിന് മുകളിലാണ് ഇവർക്ക് നിലവിൽ വിശ്രമിക്കാനുള്ള സൗകര്യം നൽകിയിരിക്കുന്നത്. തങ്ങൾ എത്തിയശേഷം മാത്രമാണ് ദേവസ്വം ബോർഡ് ഇവിടം വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചതെന്നും സംഘം പറയുന്നു.
ഇതാദ്യമായല്ല ഇത്തരം അവഗണന നേരിടുന്നതെന്നും കഴിഞ്ഞ വർഷവും ശുചിമുറി ഉൾപ്പെടയുള്ള സൗകര്യമൊരുക്കമെന്ന ദേവസ്വം ബോർഡിന്റെ പ്രസിഡന്റിന്റെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അമ്പലപ്പുഴ സംഘം ആരോപിച്ചു. ആചാരപരമായ ചടങ്ങിന്റെ ഭാഗമായാണ് എത്തുന്നത് എന്നറിയാമായിരുന്നിട്ടും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. എല്ലാ വർഷവും സന്നിധാനത്തെത്തുന്ന സംഘത്തിന് വിശ്രമിക്കാൻ സ്ഥിരമായി ഒരു സ്ഥലം ഒരുക്കി നൽകണമെന്നും പ്രാഥമിക കൃത്യങ്ങൾ, ഭക്ഷണം മുതലായവയ്‌ക്കുള്ള സൗകര്യങ്ങൾ നൽകണമെന്നും ഭക്തർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു.















