ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത് എൻഐഎയുടെ ഉന്നതതല സംഘം. രണ്ട് ഇൻസ്പെക്ടർ ജനറൽമാർ (ഐജി), ഒരു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി), ഒരു പൊലീസ് സൂപ്രണ്ട് (എസ്പി) എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ചോദ്യം ചെയ്യുന്നത്. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുമെന്നാണ് വിവരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള സംഘവും ചോദ്യം ചെയ്യും.
ഇന്ത്യയിലെത്തിയാൽ ഉടൻ തന്നെ റാണയെ എൻഐഎ കസ്റ്റഡിയിൽ വാങ്ങും. വ്യോമസേന വിമാനത്തിലാണ് റാണയെ ഇന്ത്യയിലെത്തിക്കുന്നത്. എൻഐഎ ആസ്ഥാനത്തിന് മുന്നിൽ വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബിഎസ്എഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ലഷ്കർ ഇ ത്വയ്ബയുമായുള്ള ബന്ധം, മുംബൈ ഭീകരാക്രമണത്തിലെ പാകിസ്താന്റെ പങ്ക് എന്നീ നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടത്. ഐഎസ് ഭീകരസംഘടനയാണ് മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇതിൽ ആരൊക്കെയാണ് നേതൃത്വം നൽകിയതെന്ന കാര്യവും റാണയെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാവും.
ഭീകരാക്രമണത്തിന് പാകിസ്താന്റെ രാഷ്‌ട്രീയ പിന്തുണ ലഭിച്ചുവെന്ന് അന്വേഷണം സംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇതും ചോദ്യം ചെയ്യലിൽ തെളിയും. കൊടും ഭീകരനെ ചോദ്യം ചെയ്യുന്നതിലൂടെ ചുരുളഴിയുന്നത് ഭീകരാക്രമണത്തിലെ പാക് ഭീകരർ ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ പങ്ക് കൂടിയാണ്.
എൻഐഎയുടെ ചോദ്യം ചെയ്യലിന് പിന്നാലെ റാണയെ കോടതിയിൽ ഹാജരാക്കും. ഡൽഹി കോടതി പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അതീവജാഗ്രതയിലാണ്. കേന്ദ്ര സായുധ പൊലീസ് സേനയെയും വിവിധയിടങ്ങളിലായി വിന്യസിച്ചു. റാണയെ പാർപ്പിക്കുന്ന തിഹാർ ജയിലിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.