ആലപ്പുഴ: എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചേർത്തല പൗരാവലി ഉജ്വല സ്വീകരണം നൽകുന്നു. നാളെ വൈകുന്നേരം നാലുമണിക്ക് ചേർത്തല ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ ചേരുന്ന മഹാസംഗമം ഉദ്ഘാടനം ചെയ്യുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. ചടങ്ങിൽ പി പ്രസാദ്, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ എന്നീ നാല് സംസ്ഥാനമന്ത്രിമാർ പങ്കെടുക്കും.
സ്വീകരണ സമ്മേളനത്തിന്റെ നടത്തിപ്പിനായി സർക്കാർ സംവിധാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗം മന്തി മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ കൂടിയിരുന്നു. മറ്റുള്ളവർക്കായി സ്വന്തം ജീവിതം മാറ്റിവയ്‌ക്കുന്നവരാണ് യഥാർത്ഥ വിവേകികൾ എന്ന് ആശാൻ നളിനിയിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത സന്ദേശം പ്രാവർത്തികമാക്കിയവരിൽ മുന്നിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്ന് മന്ത്രി പി പ്രസാദ് ഈ യോഗത്തിൽ പറഞ്ഞിരുന്നു.
എസ്എൻഡിപി യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിലാണ് മഹാസംഗമം സംഘടിപ്പിക്കുന്നത്.















