ജിദ്ദ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ മൂന്നാം വാരത്തിൽ സൗദി അറേബ്യയിലേക്ക് രണ്ട് ദിവസത്തെ സന്ദർശനം നടത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ മൂന്നാമത് സൗദി സന്ദർശനമാണിത്. നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അദ്ദേഹം ആദ്യമായി സൗദി അറേബ്യ സന്ദർശിക്കുന്നത്. ജിദ്ദയിൽ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടാവുക എന്ന് റിപ്പോർട്ടുണ്ട്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തുന്ന മോദി, സൗദിയിലെ പൊതു സമൂഹവുമായും സംവദിക്കുമെന്നാണ് സൂചന. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകൾ ഒപ്പിട്ടേക്കും. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്‌സ് ഈ മാസം ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഇതിന് ശേഷമായിരിക്കും മോദി സൗദിയിൽ എത്തുക.
കഴിഞ്ഞ നവംബറിൽ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ഇന്ത്യ സന്ദർശിച്ചപ്പോൾ, വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സുരക്ഷ, സംസ്കാരം എന്നീ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുപക്ഷവും ചർച്ച ചെയ്തു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2023 സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. 2016 ഏപ്രിലിലും 2019 ഒക്ടോബറിലും മോദി സൗദി സന്ദർശിച്ചിരുന്നു. 2020 ഡിസംബറിൽ, അന്ന് കരസേനാ മേധാവിയായിരുന്ന ജനറൽ എം.എം. നരവാനെ സൗദി അറേബ്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യൻ സൈനിക തലവന്റെ ആദ്യ സൗദി സന്ദർശനമായിരുന്നു ഇത്.
എൽ ആൻഡ് ടി, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ടിസിഎസ്, ഷാപൂർജി & പല്ലോഞ്ചി, ടെക് മഹീന്ദ്ര, വേദാന്ത, എസ്സാർ തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികളും കോർപ്പറേറ്റ് ഗ്രൂപ്പുകളും സൗദി അറേബ്യയിൽ ശക്തമായ സാന്നിധ്യം സ്ഥാപിച്ചിട്ടുണ്ട്.















