തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവ ആറാട്ട് ഇന്ന്. ശംഖുമുഖം കടലിലാണ് ആറാട്ട് നടക്കുന്നത്. ഇതിനായി ശ്രീപത്മനാഭ സ്വാമിയെ സ്വർണഗരുഡ വാഹനത്തിലും തെക്കേടം നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിഗരുഡ വാഹനത്തിലും എഴുന്നള്ളിക്കും.
പടിഞ്ഞാറേ നട, പടിഞ്ഞാറേ കോട്ട വഴി പുറത്തേക്ക് പോകുന്ന ആറാട്ട് എഴുന്നള്ളത്ത് ഈഞ്ചക്കല്‍, വള്ളക്കടവ് വഴി വിമാനത്താവളത്തിന്റെ ഉള്ളിൽ കടന്ന് ശംഖുമുഖം ദേവീക്ഷേത്രത്തിന് സമീപത്തെ പാർക്കിലൂടെയാണ് പുറത്തേക്കിറങ്ങുന്നത്. ചന്ദ്രോദയത്തിലാണ് കടലില്‍ ആറാട്ട്.
വിമാനത്താവള റണ്‍വേ മുറിച്ചു കടന്നുപോകുന്ന ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്ളൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യുന്ന രീതി വര്‍ഷങ്ങള്‍ക്ക് മുന്നേയുണ്ട്.
ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി ഏപ്രിൽ 11 വെള്ളിയാഴ്ച തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ നാല് മണിക്കൂറിലധികം നിർത്തിവയ്ക്കുമെന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (ടിയാൽ) അറിയിച്ചു. ഏപ്രിൽ 11 ന് വൈകുന്നേരം 4.45 മുതൽ രാത്രി 9 വരെയായിരിക്കും വിമാന സർവീസുകൾ നിർത്തിവയ്ക്കുക. വിമാനങ്ങളുടെ പുതുക്കിയ സമയം അതത് വിമാനക്കമ്പനികളിൽ ലഭ്യമാണ്.















