തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷ നേതാവാകാൻ ബിനോയ് വിശ്വം ശ്രമിക്കേണ്ടെന്ന് ശിവൻകുട്ടി തുറന്നടിച്ചു. പിഎം ശ്രീ പദ്ധതിയിലും മുഖ്യമന്ത്രിയുടെ മകളുടെ കേസിലും ബിനോയ് വിശ്വം നടത്തിയ പരസ്യ പ്രതികരണമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മാസപ്പടി കേസിലെ കുറ്റപത്രം കമ്യൂണിസ്റ്റ് വിഷയമല്ലെന്നായിരുന്നു സിപിഐ നേതാവിന്റെ പ്രതികരണം.
അഭിപ്രായം പറയേണ്ടിയിരുന്നത് ഇടതുപക്ഷ ജനാതിപത്യ മുന്നണി യോഗത്തിലാണ്. പിണറായി വിജയൻ നയിക്കുന്ന ഗവൺമെന്റ് എന്ന് പറയാൻ പാടില്ലെന്നാണ് ബിനോയ് വിശ്വത്തിന്റെ പുതിയ കണ്ടുപിടുത്തം. ഇതിൽ അസൂയയുടേയും കുശുമ്പിന്റെയും ആവശ്യമില്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിൽ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലും വ്യത്യസ്ത അഭിപ്രായമാണ് ബിനോയ് വിശ്വം രേഖപ്പെടുത്തിയത്. കേന്ദ്ര സർക്കാരിന്റെ കാശായത് കൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ല. ബിനോയ് വിശ്വത്തിന് കാര്യങ്ങൾ വിശദീകരിച്ച് നൽകാൻ തയ്യാറാണ്. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട പണം വാങ്ങി വിനിയോഗിക്കുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്. അതിൽ ബിനോയ് ഇടപെടേണ്ട കാര്യമില്ല. ഓഫീസിലേക്ക് വന്നാൽ നേരിട്ട് ബോധ്യപ്പെടുത്താം. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് ഏറ്റെടുക്കേണ്ടതില്ലെന്നും മന്ത്രി തുറന്നടിച്ചു.















