ന്യൂഡൽഹി: സോണിയയും രാഹുലും പ്രതികളായ നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് 661 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇഡി ആരംഭിച്ചു. നെഹ്റു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് കീഴിലുള്ള സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടുന്നത്. ഡൽഹിയിലെ ഐടിഒയിലെ ഹെറാൾഡ് ഹൗസ്, മുംബൈ ബാന്ദ്രയിലെ കെട്ടിടം, ലക് നൗവിലെ ബിഷേശ്വർ നാഥ് റോഡിലുള്ള എജെഎൽ കെട്ടിടം എന്നിവിടങ്ങളിൽ ഇഡി കണ്ടുകെട്ടൽ നോട്ടീസ് പതിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി. 2023 നവംബറിൽ ഈ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു.
2012 ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിക്ക് പിന്നാലെയാണ് തട്ടിപ്പ് പുറത്ത് വന്നത്. 2014 ജൂൺ 26 ന് ന്യൂഡൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2021 ലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായിരുന്ന, കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്-എജെഎൽ എന്ന കമ്പനിയെ സോണിയയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുക്കുകയായിരുന്നു. 2000 കോടിയോളം വിലവരുന്ന സ്വത്തുവകകൾ തുച്ഛമായ വിലയ്‌ക്കാണ് സോണിയയും രാഹുലും ചേർന്ന് സ്വന്തമാക്കിയത്.
2008ൽ 90 കോടിയുടെ കടബാധ്യതയുമായി നാഷണൽ ഹെറാൾഡ് അടച്ചുപൂട്ടിയിരുന്നു. ബാധ്യത തീർക്കാൻ നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് കോൺഗ്രസ് 90 കോടി രൂപ വായ്പ നൽകി. ഈ തുക തിരിച്ചടയ്‌ക്കാൻ എജെഎല്ലിന് കഴിഞ്ഞില്ല. 2010ൽ യുപിഎ സർക്കാരിന്റെ ഭരണകാലത്ത് സോണിയയും രാഹുലും ഡയറക്ടർമാരായി യങ് ഇന്ത്യ ലിമിറ്റഡ് രൂപീകരിച്ചു. ഇതോടെ കോൺഗ്രസ് നൽകിയ വായ്പ യങ് ഇന്ത്യയുടെ പേരിലേക്ക് മാറ്റി. യങ് ഇന്ത്യയ്‌ക്ക് പണം നൽകാനും എജെഎല്ലിന് കഴിഞ്ഞില്ല. ഇതോടെയാണ് കോടിക്കണക്കിന് രൂപയുടെ ആസ്തി യങ് ഇന്ത്യയ്‌ക്ക് സ്വന്തമാകുന്നത്. 2010ലാണ് കമ്പനിയുടെ കൈമാറ്റ ഇടപാടുകൾ നടന്നത്.
സോണിയ, രാഹുൽ , മോത്തിലാൽ വോറ, സാം പിത്രോദ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ തുടങ്ങിയവരാണ് കേസിൽ പ്രതികൾ. വിശ്വാസ ലംഘനം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2015ൽ സോണിയയും രാഹുലും ഉൾപ്പെടെയുള്ള പ്രതികൾ ജാമ്യം എടുക്കുകയും ചെയ്തിരുന്നു. കേസിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പവൻ ബൻസാൽ തുടങ്ങിയ നേതാക്കളേയും ഇഡി ചോദ്യം ചെയ്തിരുന്നു.