കൊൽക്കത്ത: വഖ്ഫ് ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ മറവിൽ കലാപഭൂമിയായി മാറിയ മുർഷിദാബാദിൽ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിൽ സന്തോഷമുണ്ടെന്ന് പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. മുർഷിദാബാദിൽ സമാധാനം നിലനിർത്താനും അക്രമങ്ങൾ ഇല്ലാതാക്കാനും കേന്ദ്രസേന എത്തണമെന്നും ഗവർണർ പറഞ്ഞു. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചയുടനെ ഗവർണർ എന്ന നിലയിൽ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്തിരുന്നു. വിവിധ രാഷ്‌ട്രീയ നേതാക്കളുമായി വിഷയം ചർച്ച ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി. ഹൈക്കോടതി ഇടപ്പെട്ട് ഉചിത തീരുമാനം സ്വീകരിച്ചതിൽ സന്തോഷമുണ്ട്. പ്രതിഷേധത്തിന്റെ പേരിൽ അക്രമം അനുവദിക്കാൻ കഴിയില്ല. രാഷ്‌ട്രീയത്തെ മതവുമായി കലർത്തുകയാണ്”.
അക്രമം തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം സാഹചര്യം ബംഗാളിന് അനുവദിക്കാനാവില്ല. ബംഗാളിലെ സമാധാന അന്തരീഷം തകർന്നു. അക്രമം തുടർന്നാൽ അടിച്ചമർത്തുമെന്നും അദ്ദേഹം പറഞ്ഞു.















