നടൻ ടൊവീനോ തോമസിന്റെ സംശയം ദൂരികരിക്കാനുള്ള കുറിപ്പുമായി ശ്രീജിത്ത് പണിക്കർ. സൗദിയിൽ പുരോഗതിയുണ്ടെന്നും ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് കൊല്ലത്തിൽ പുരോഗതി ഉണ്ടായോ എന്നുമായിരുന്നും ടൊവീനോയുടെ സംശയം. ടൊവീനൊയുടെ പ്രൊഡക്ഷൻ ഹൗസ് നിർമിച്ച മരണമാസ്സ് എന്ന സിനിമ സൗദിയിൽ വിലക്ക് നേരിടുകയാണ്. ട്രാൻഡ്ജെൻഡർ കഥാപാത്രം ഉണ്ടെന്ന പേരിലാണ് പ്രദർശനാനുമതി നിഷേധിച്ചത്.
ശ്രീജിത്ത് പണിക്കർ പങ്കുവച്ച കുറിപ്പ് വായിക്കാം….
സൗദിയിൽ പുരോഗതിയുണ്ട്; ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് കൊല്ലത്തിൽ പുരോഗതി ഉണ്ടായോ എന്ന് സംശയമെന്ന് നടൻ ടൊവീനോ തോമസ്. എന്താണ് ഇത് പറയാനുണ്ടായ സാഹചര്യം?
ആളിന്റെ പുതിയ സിനിമയിൽ ഒരു ട്രാൻസ്ജെൻഡർ കഥാപാത്രം ഉള്ളതിനാൽ സിനിമ കണ്ടംതുണ്ടം വെട്ടിയിട്ട് പോലും സൗദിയിൽ പ്രദർശിപ്പിക്കാൻ അനുമതി കിട്ടിയില്ല. അതാണ് പുരോഗമനം!
ഇന്ത്യയിൽ നാലു കൊല്ലം മുൻപാണ് ട്രാൻസ്ജൻഡർ വിഭാഗക്കാർക്ക് സാമൂഹ്യനീതി ഉറപ്പാക്കാൻ അവരെ സ്മൈൽ പദ്ധതിയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്. കൂടാതെ അവർക്ക് സ്കോളർഷിപ്പ്, സ്കില്ലിങ്, ആരോഗ്യ പരിപാലനം, സംരക്ഷണത്തിന് ഗരിമ ഗൃഹ് എന്നിവയും കേന്ദ്രസർക്കാർ നടപ്പാക്കി. അവർക്കായുള്ള സമഗ്ര വിവരങ്ങളും ലഭ്യമാക്കാൻ ഒരു ദേശീയ പോർട്ടലും തുടങ്ങി.
കേരള സർക്കാർ ട്രാൻസ്ജന്ററുകാർക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതോടൊപ്പം ആവശ്യമായ സഹായവും നൽകാൻ കരുതൽ എന്നൊരു പദ്ധതി തുടങ്ങി. ഹിമാചൽ പ്രദേശ് സർക്കാർ ട്രാൻസ്ജന്ററുകാർക്ക് പെൻഷൻ നടപ്പാക്കി. ട്രാൻസ്ജെൻഡറുകാർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ രാജസ്ഥാൻ സർക്കാർ ഉദ്ധാൻ കോഷ് പദ്ധതി നടപ്പാക്കി. ഉത്തർപ്രദേശിലാണ് ട്രാൻസ്ജന്ററുകളുടെ സെൻസസ് നടത്തി 200 കോടിയുടെ സഹായം എത്തിക്കാൻ തീരുമാനിച്ചത്.
ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. ഏതാണ്ട് എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും സമാനമായ പദ്ധതികളുണ്ട്. അന്താരാഷ്‌ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച ട്രാൻസ്ജൻഡറുകാർ ഇന്ത്യയിലുണ്ട്. 2018ൽ മാത്രം സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവാദം നൽകിയ ഒരു രാജ്യത്തോട്, ട്രാൻസ്ജെൻഡറുകാരെ മനുഷ്യരായി പോലും പരിഗണിക്കാത്ത ഒരു രാജ്യത്തോട് നമ്മുടെ രാജ്യത്തെ താരതമ്യം ചെയ്ത് പുരോഗതി വിലയിരുത്താൻ ചെറിയ ബുദ്ധി പോരാ — ജതിൻ രാംദാസിന്റെ ബുദ്ധി തന്നെ വേണം!















