അമരാവതി : തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്ത് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന കൊനിഡേല. മകന് വേണ്ടിയുള്ള വഴിപാട് സമർപ്പണമായാണ് അന്ന തലമുണ്ഡനം ചെയ്തത്. അടുത്തിടെ ഇരുവരുടെയും മകൻ മാർക്ക് ശങ്കറിന് സിംഗപ്പൂർ സ്കൂളിലെ വലിയൊരു തീപിടിത്തത്തിൽ പരിക്കേറ്റിരുന്നു. ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു. ഇതിന്റെ നേർച്ചയായി അന്ന തിരുമല ക്ഷേത്രത്തിലെത്തി ദർശനം നടത്തുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു.
ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും അന്ന പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളിൽ നിന്ന് പ്രസാദം സ്വീകരിച്ചതിന് ശേഷമാണ് അന്ന മടങ്ങിയത്. തലമുണ്ഡനം ചെയ്ത് വെങ്കിടേശ്വരന് ആരതി നടത്തുന്ന അന്നയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഏപ്രിൽ എട്ടിനാണ് പവൻ കല്യാണിന്റെ മകൻ പഠിക്കുന്ന സിംഗപ്പൂരിലെ സ്കൂളിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ മകന്റെ കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിരുന്നു. കൂടാതെ പുക ശ്വസിച്ച് ശ്വാസതടസം ഉൾപ്പെടെയുള്ള അസ്വസ്ഥകളും കുട്ടിക്കുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകളും വന്നിരുന്നു. അപകടത്തിന് ശേഷം പവൻ കല്യാൺ പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചു. പിന്നാലെ കുടുംബാംഗങ്ങളോടൊപ്പം പവൻ കല്യാൺ സിംഗപ്പൂരിലേക്ക് പോയി.
കഴിഞ്ഞദിവസം മകനെ എടുത്ത് ആശുപത്രിയിൽ നിന്നിറങ്ങുന്ന പവൻ കല്യാണിന്റെ ചിത്രം പുറത്തുവന്നിരുന്നു. നിലവിൽ മാർക്കിന്റെ ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ഫോണിൽ വിളിച്ച് മകന്റെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചെന്ന് പവൻ കല്യാൺ പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമായ എല്ലാ സഹായവും നൽകണനെന്ന് സിംഗപ്പൂർ ഹൈക്കമ്മീഷണറോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.















