ഹിസാർ: ബാബാസാഹേബ് അംബേദ്കർ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ അപമാനിക്കാൻ മാത്രമാണ് കോൺഗ്രസ് ശ്രമിച്ചിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ ഹിസാറിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മോദിയുടെ വാക്കുകൾ. അംബേദ്കറുടെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അധികാരം നിലനിർത്താനുള്ള ഒരു ഉപകരണം മാത്രമായാണ് ഭരണഘടനയെ കോൺഗ്രസ് കണ്ടിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് അത് വ്യക്തമായതാണ്. അധികാരം നിലനിർത്താൻ ഭരണഘടനയുടെ ആത്മാവിനെ ഇല്ലാതാക്കിയവരാണ് കോൺഗ്രസുകാർ. മതേതര സിവിൽ നിയമത്തെക്കുറിച്ച് ഭരണഘടന പറയുന്നുണ്ടെങ്കിലും അത് നടപ്പാക്കാൻ കോൺഗ്രസ് ഒരിക്കലും തയ്യാറായില്ല. ഇന്നിതാ, ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പായിക്കഴിഞ്ഞു. നിർഭാഗ്യവശാൽ യുസിസിയെ കോൺഗ്രസ് ഇപ്പോഴും എതിർത്തുകൊണ്ടിരിക്കുകയാണ്.
എസ്.സി/എസ്.ടി, ഒബിസി വിഭാഗങ്ങൾക്ക് നൽകുന്ന സംവരണത്തിന്റെ ഗുണം അവർക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. രാഷ്‌ട്രീയം കളിക്കാനായി അവരിപ്പോൾ മതാടിസ്ഥാനത്തിൽ സംവരണം നൽകുകയാണ്. സർക്കാർ ടെൻഡറുകൾ നൽകുന്നതിൽ പോലും മതം കലർത്തുന്നു. ഇതുകൊണ്ടാണ് നമ്മുടെ ഭരണഘടനയുടെ ശിൽപി ബാബാസാഹേബ് അംബേദ്കർ പറഞ്ഞത്, മതാടിസ്ഥാനത്തിൽ ആർക്കും സംവരണം നൽകരുതെന്ന്. അംബേദ്കറിനോട് കോൺഗ്രസ് ചെയ്ത കാര്യങ്ങൾ ഒരിക്കലും നാം മറക്കരുത്. അദ്ദേഹം ജീവിച്ചിരുന്നിടത്തോളം കാലം അദ്ദേഹത്തെ അപമാനിക്കാൻ മാത്രമാണ് കോൺഗ്രസ് പരിശ്രമിച്ചിട്ടുള്ളത്. അംബേദ്കറെ രണ്ടുതവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് കോൺഗ്രസാണെന്നും പ്രധാനമന്ത്രി പറഞ്ഞു.