ഗുജറാത്ത് തീരത്തുനിന്നും ആയിരം കോടിയുടെ ലഹരിമരുന്ന് പിടികൂടിയതായി റിപ്പോർട്ട്. തീരദേശസേനയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും (ATS) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിവേട്ട. മുന്നൂറ് കിലോ മെത്താഫെറ്റമിനാണ് (methamphetamine) സുരക്ഷാസേന പിടികൂടിയത്. ഇതിന് വിപണിയിൽ 1,800 കോടിയോളം വിലമതിക്കും. ഗുജറാത്ത് തീരത്തെ അന്താരാഷ്‌ട്ര സമുദ്രാതിർത്തിക്ക് സമപത്തുനിന്നാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് ഗുജറാത്ത് ATS പ്രസ്താവനയിലൂടെ അറിയിച്ചു.
പാകിസ്താനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നാണിതെന്നാണ് പ്രാഥമിക വിലയിരുത്തൽ. മത്സ്യബന്ധന ബോട്ടിൽ ഇന്ത്യയിലേക്ക് കടത്താനായിരുന്നു ശ്രമം. എന്നാൽ ഇന്ത്യൻ സേനയിൽ നിന്നുള്ള പട്രോളിംഗ് സംഘത്തെ കണ്ടതോടുകൂടി ലഹരിവസ്തുക്കൾ കടലിൽ ഉപേക്ഷിച്ച് മത്സ്യബന്ധനബോട്ടുമായി സംഘം കടന്നുകളഞ്ഞു. അറസ്റ്റ് ഒഴിവാക്കാൻ അവർ പാക് അതിർത്തിക്കുള്ളിലേക്ക് പോവുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.